ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി: കേന്ദ്രത്തിനോട് വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എഎസ് ബോപണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ആയുഷ് മന്ത്രാലയം, സിസിഐഎം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ഇനം ശസ്ത്രക്രിയ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നല്‍കിയത്. ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി കക്ഷികളോട് നിര്‍ദേശിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 19-നാണ് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന 58 തരം സര്‍ജറികള്‍ ഇനി മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാമെന്ന ഉത്തരവ് Central Council of Indian Medicine (CCIM) പുറത്തിറക്കിയത്. ഇതിനെ തുടര്‍ന്ന് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കല്‍ ബന്ദും പ്രഖ്യാപിച്ചിരുന്നു.


വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അറിയിച്ചിരുന്നു.

ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്.

Exit mobile version