മുംബൈ: രാജ്യത്തെ അതിസമ്പന്നരുടെ സമ്പത്തിന്റെ വളർച്ചയിൽ വൻകുതിപ്പ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമ്പന്നർ മാറ്റിവെയ്ക്കുന്ന തുകയിലും ആനുപാതികമായ വളർച്ചയുണ്ടായതായി റിപ്പോർട്ട്. രാജ്യത്തെ സ്വകാര്യമേഖല 2020 സാമ്പത്തികവർഷത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 64,000 കോടി രൂപയെന്നാണ് വിവരം. 2019നെ അപേക്ഷിച്ച് 23ശതമാനമാണ് ഈ തുകയിലുണ്ടായ വർധന.
രാജ്യത്തെ കോർപ്പറേറ്റുകളും അതിസമ്പന്നരും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നതുകയിൽ കാര്യമായ വർധനവുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നിരട്ടിയാണ് വർധനയെന്ന് ബെയിൻ ആൻഡ് കമ്പനിയുടെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോർട്ട് 2021ൽ പറയുന്നു.
സമ്പന്ന കുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈകാലയളവിൽ നീക്കിവെച്ചത് 12,000 കോടി രൂപയുമാണ്. ഈ തുകയുടെ 28ശതമാനംതുകയും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ) അക്കൗണ്ടുകളിൽനിന്നാണ്. ഈമേഖലയിൽ റീട്ടെയിൽ നിക്ഷേപകരുടെ വിഹിതവും 28ശതമാനംതന്നെയാണ്. കുടുംബ ട്രസ്റ്റുകൾവഴിയുള്ളത് 20ശതമാനവുമാണ്. മുംബൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് പങ്കാളിത്തത്തിൽമുന്നിൽ.
അതേസമയം, ഈ തുക വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലയിലാണ് കൂടുതലും ചെലവഴിക്കുന്നത്. കുടുംബങ്ങൾ യഥാക്രമം 47ശതമാനവും 27ശതമാനവുമാണ് ഈ മേഖലകൾക്കായി തുക നീക്കിവെയ്ക്കുന്നത്.
Discussion about this post