ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സൽ ഗുരുവിനെ തിഹാർ ജയിലിൽ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ ജയിൽ ജീവനക്കാർ വരെ കരഞ്ഞിരുന്നതായി മാവോയിസ്റ്റ് നേതാവ് കൊബാദ് ഘാണ്ടി. 2013 ഫെബ്രുവരിയിലായിരുന്നു അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. അന്നേദിവസം ഹൈ റിസ്‌ക് വാർഡിൽ നിന്ന് തൂക്കുമരത്തിലേക്കുള്ള രണ്ടു മിനുട്ട് ദൂരം പൊലീസ് ഉദ്യോഗസ്ഥർ കണ്ണുകൾ ഈറനണിഞ്ഞ് വിഷാദരായി അണിനിരന്നുവെന്ന് കൊബാദ് ഘാണ്ടി പറയുന്നു.
ദ വയറിൽ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് താൻ തിഹാർ ജയിലിലായിരുന്നപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച് കൊബാദ് ഘാണ്ടി വെളിപ്പെടുത്തിയത്. നിരവധി കൊലപാതക കേസുകളിൽ പ്രതിചേർക്കപ്പെട്ടാണ് മാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗമായ കൊബാദ് ഘാണ്ടിയെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് ഏഴുവർഷം ഡൽഹി തിഹാർ ജയിലിൽ കഴിഞ്ഞ അദ്ദേഹം 2017ലാണ് ജയിൽ മോചിതനായത്.
‘തൂക്കിലേറ്റുന്ന സമയം അഫ്‌സൽ ഗുരു ധൈര്യവാനായി കാണപ്പെട്ടിരുന്നു. തന്നോട് നല്ല രീതിയിൽ പെരുമാറിയ ജയിൽ ജീവനക്കാരെ നന്നായി നോക്കണമെന്ന് ആവശ്യപ്പെട്ടാണ് അഫ്‌സൽ ഗുരു തൂക്കുമരത്തെ സമീപിച്ചത്. ഈ കാര്യം ജയിൽ ജീവനക്കാരാണ് തന്നോട് പറഞ്ഞത്,’- കൊബാദ് ഘാണ്ടി പറയുന്നു.
കൊബാദിന്റെ ഡൽഹി, ഹൈദരാബാദ്, പാട്യാല, വിശാഖപട്ടണം, ഹസാരി ബാഗ്, സൂററ്റ് എന്നിവിടങ്ങളിലായി പത്ത് വർഷം നീണ്ട തടവുകാലത്തെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് കൊബാദ് ഘാണ്ടി പ്രസിദ്ധീകരിച്ചത്. ‘ഫ്രാക്‌ച്വേർഡ് ഫ്രീഡം: എ പ്രിസൺ മെമ്മോയ്ർ!’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കൊബാദ് ഘാണ്ടിയുടെ വെളിപ്പെടുത്തൽ.