ന്യൂഡൽഹി: സസ്യാഹാരിയായ യുവതിക്ക് ഓർഡർ മാറി നോൺവെജ് പിസ നൽകിയ സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി കോടതിയിൽ. വെജിറ്റേറിയനായ തനിക്ക് നോൺ വെജിറ്റേറിയൻ പിസ നൽകിയത് മാനസികമായും സാമ്പത്തികമായും ഏറെ പ്രയാസങ്ങളുണ്ടാക്കിയെന്ന് കാണിച്ചാണ് ഡൽഹി സ്വദേശിനി ദീപാലി ത്യാഗി കൺസ്യൂമർ കോടതിയെ സമീപിച്ചിരിക്കുന്നത്.
അമേരിക്കൻ പിസ ശൃംഖലയ്ക്ക് യുവതിയുടെ പരാതി. 2019 മാർച്ച് 21 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വെജിറ്റേറിയൻ പിസ ഓർഡർ ചെയ്ത യുവതിക്ക് നോൺവെജിറ്റേറിയൻ ലഭിച്ചുവെന്നും അത് കഴിച്ച ശേഷമാണ് തനിക്ക് നോൺവെജാണെന്ന് മനസിലായതെന്നും യുവതി പറയുന്നു.
പരാതി കേട്ട പിസ ഔട്ട്‌ലെറ്റ് അധികൃതർ ക്ഷമ ചോദിക്കുകയും മുഴുവൻ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയൻ പിസ നൽകാമെന്ന് വാഗ്ദാനവും നൽകി. എന്നാൽ ഇവരുടെ പ്രവർത്തി തന്റെ മതാചാരത്തെ ലംഘിച്ചെന്നും അതുകൊണ്ട് കേസുമായി മുന്നോട്ട് പോവുന്നുവെന്നുമാണ് യുവതി പറയുന്നത്.
മാംസ ഭക്ഷണം കഴിച്ചതിന്റെ ദോഷം തീർക്കാൻ നിരവധി പൂജകൾ ചെയ്യേണ്ടി വന്നു. അതിന് ലക്ഷങ്ങൾ ചിലവായിയെന്നും യുവതി ആരോപിക്കുന്നു. സാമ്പത്തിക നഷ്ടവും മാനസിക വിഷമതകളും ഉണ്ടാക്കിയതിനാൽ യുവതി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കയാണ്. ഡൽഹി ജില്ലാ കൺസ്യൂമർ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാർച്ച് 17നാണ് അടുത്ത ഹിയറിങ്ങ്.