മൈസൂരു: പാര്‍ക്കില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട ആദിവാസി യുവതിയുടെ പ്രസവമെടുത്ത് അധ്യാപിക. ഫോണിലൂടെയുള്ള ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഹൈസ്കൂള്‍ അധ്യാപികയായ ശോഭ പ്രസവമെടുത്തത്. മൈസൂരിലെ നസറാബാദിലെ പാര്‍ക്കില്‍ വെച്ചാണ് സംഭവം. മല്ലിക എന്ന ആദിവാസി സ്ത്രീയുടെ പ്രസവമാണ് ശോഭ എടുത്ത് മാതൃകയായത്.
പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ മല്ലികയും രണ്ട് മക്കളും. പാര്‍ക്കില്‍ വച്ച് പ്രസവവേദന തുടങ്ങിയതോടെ വഴിയാത്രക്കാര്‍ അവരുടെ സഹായത്തിനെത്തി. എന്നാല്‍ ആംബുലന്‍സ് വിളിക്കാനും അവരെ ആശുപത്രിയില്‍ എത്തിക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആ സമയത്ത് സ്കൂളിലേക്ക് പോകുകയായിരുന്ന ശോഭ മല്ലികയുടെ സഹായത്തിന് എത്തുകയായിരുന്നു. നാട്ടുകാരില്‍ ഒരാള്‍ തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറെ ഫോണില്‍ വിളിച്ച് ശോഭയ്ക്ക് നല്‍കുകയും ചെയ്തു.
നിരവധി സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്താതെ ഇരുന്നത് വേദനിപ്പിച്ചുവെന്ന് ശോഭ പറഞ്ഞു. ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും സ്ത്രീക്കും കുഞ്ഞിനും ആപത്തൊന്നും വരരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് താന്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടര്ന്നെന്നും ശോഭ പറയുന്നു. കുഞ്ഞിനെ തന്റെ കൈയില്‍ കിട്ടിയപ്പോള്‍ പൊക്കിള്‍ക്കൊടി എങ്ങനെ മുറിക്കുമെന്നറിയാതെ പകച്ചുപോയി. എന്നാല്‍ അപ്പോഴേക്കും ആംബുലന്‍സ് സ്ഥലത്തെത്തിയെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചുമതലയേറ്റെടുക്കുകയും പൊക്കിള്‍ക്കൊടി മുറിക്കാന്‍ സഹായിക്കുകയും ചെയ്തെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
പ്രസവശേഷം യുവതിയെ തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ശോഭ പിന്നീട് മല്ലികയെ സന്ദര്‍ശിക്കുകയും കുഞ്ഞിന് ചെറിയൊരു തുക സമ്മാനമായി നല്‍കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post