മുംബൈ: സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് നാല് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 80 വയസ് പിന്നിട്ട വയോധിക ദമ്പതികൾക്ക് 10 വർഷം തടവ് ശിക്ഷ. 2013ൽ മുംബൈയിൽ നടന്ന സംഭവത്തിനാണ് നഗരത്തിൽ തന്നെ താമസിക്കുന്ന വൃദ്ധ ദമ്പതിമാരെ കോടതി ശിക്ഷിച്ചത്.
പോക്‌സോ നിയമപ്രകാരം കേസെടുത്ത ഇവർക്ക് നിയമത്തിലെ സെക്ഷൻ ആറ് പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ വിധിച്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി രേഖ പൻധാരെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
എട്ട് വർഷം മുൻപ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ദമ്പതികൾ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയും മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിച്ചാണ് കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികൾ മുതിർന്ന പൗരന്മാരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു.