ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നു. രണ്ടര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം 126 പേര്‍ കൂടി മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ 22,854 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി. ഇതില്‍ 1,09,38,146 പേര്‍ രോഗമുക്തി നേടി. ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്.
ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തില് 96.92 ശതമാനമാണ്. ദേശീയ തലത്തിലെ മരണനിരക്ക് 1.40 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
2020 ഓഗസ്റ്റ് 7 നാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. അത് ഡിസംബര്‍ 19 ആയപ്പോഴെക്കും രാജ്യത്ത് ഒരു കോടി ജനങ്ങള്‍ ആകെ കൊവിഡ് ബാധിതരായി. 2021 മാര്‍ച്ച് 10 വരെ 22,42,58,293 സാമ്പിളുകളാണ് പരിശോധിച്ചത്.