ആഗ്ര: സ്‌കോര്‍പിയോ കാറും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. ഒമ്പത് പേരാണ് അപകടത്തില്‍ തല്‍ക്ഷണം മരണപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഗ്രയിലെ എത്മാദ്പുര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം നടന്നത്.
സ്‌കോര്‍പിയോ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ വരിയില്‍ കയറിയ സ്‌കോര്‍പിയോ ആഗ്രയില്‍ നിന്ന് വരിയായിരുന്ന ഒരു കണ്ടെയ്നര്‍ ട്രക്കില്‍ പാഞ്ഞ് ചെന്ന് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വാഹനം അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതിനാല്‍ സാധിച്ചില്ല.
12 പേരാണ് സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.