ബംഗളൂരു: 103ാം വയസിലും പ്രായം തളർത്തിയില്ല. ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സാമൂഹ്യ നന്മയും മുൻനിർത്തി കോവിഡ് വാക്സിൻ സ്വീകരിച്ച് ജെ കാമേശ്വരി. രാജ്യത്ത് തന്നെ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ഏറ്റവും പ്രായംകൂടിയ വനിതയായിരിക്കുകയാണ് ബംഗളൂരു സ്വദേശിനി.
ബെന്നാർഘട്ട റോഡിലെ അപ്പോളോ ആശുപത്രിയിൽ 77കാരനായ മകൻ പ്രസാദ് റാവുവിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം എത്തിയാണ് 103 വയസുകാരി ജെ കാമേശ്വരി വാക്സിൻ സ്വീകരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം കോവിഡ് വാക്സിൻ സ്വീകരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായംകൂടിയ വനിതയാണ് കാമേശ്വരിയെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തേ ഡൽഹിയിൽ സുമിത്ര ധാൻഡിയയെന്ന നൂറുവയസ്സുകാരിയും വാക്സിൻ സ്വീകരിച്ചിരുന്നു.
അതേസമയം, 103കാരിയായ കാമേശ്വരി വാക്സിനെടുത്തത് ആരോഗ്യപ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിനെടുക്കാൻ വയോധികർക്ക് കാമേശ്വരി പ്രചോദനമാകും. അരമണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് കാമേശ്വരി വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് മടങ്ങിയത്. വാക്സിനെടുത്തശേഷം ഇവർക്കും കുടുംബാംഗങ്ങൾക്കും ഒരു ആരോഗ്യപ്രശ്നവും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post