ഇനി വിവേചനമില്ല..!ഉടുപ്പി ക്ഷേത്രത്തിലെ മഡെ സ്‌നാനയും എഡെ സ്‌നാനയും ഇനിയില്ല

മംഗളൂരു: പുരോഗമനങ്ങളുടെ ലിസ്റ്റില്‍ ഇനി ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും. വിവേടനവും വിവാദവുമായി ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നിരോധിച്ചു. മഡെ സ്‌നാനയും (ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചില്‍ ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങ്) എഡെ സ്‌നാനയും (പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങ്) ചടങ്ങുകളാണ് നിരോധിച്ചത്. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ത്ഥയാണ് ഇക്കാര്യം അറിയിച്ചത്. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥയുടെ ഉപദേശം തേടിയാണ് ഈ തീരുമാനം എടുത്തതെന്നും വിദ്യാധീശ വ്യക്തമാക്കി.

ഇരു ചടങ്ങുകളും അന്നദാനത്തിലെ പന്തിഭേദവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്കു മാര്‍ച്ച് നടത്തുകയും ഉദ്ഘാടനം ചെയ്ത എംഎ ബേബി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു നേരത്തെ.

ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് എച്ചില്‍ ഇലയില്‍ ഉരുളുന്ന മഡെസ്‌നാന നടന്നിരുന്നത്. ചടങ്ങ് വിവാദമാവുകയും പ്രക്ഷോഭങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തതോടെയാണ് എച്ചില്‍ ഇലയ്ക്കു പകരം പ്രസാദം നിവേദിക്കാന്‍ ഉപയോഗിച്ച ഇലയില്‍ ഉരുളുന്ന എഡെ സ്‌നാനയായി ചടങ്ങു പരിഷ്‌കരിച്ചത്. രണ്ടും നിര്‍ത്തലാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിരാമമായി.

എന്നാല്‍ ഈ ചടങ്ങുകള്‍ നിര്‍ത്തലാക്കുന്നത് മൂലം ഹൈന്ദവതയെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മതാചാരങ്ങള്‍ക്ക് ഈ ചടങ്ങുകള്‍ ആവശ്യമില്ലെന്നും പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ വ്യക്തമാക്കി. വിവാദ ആചാരങ്ങള്‍ മുറുകെ പിടിക്കുകയല്ല, പൂജകള്‍ നടത്തുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version