ന്യൂഡൽഹി: രാജ്യത്ത് സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച 1992ലെ കോടതി വിധി പുനഃപരിശോധിക്കാവുന്നതാണെന്ന് സുപ്രീം കോടതി. നിലവിലുള്ള പരിധിക്കു മേൽ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസയച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
മറാത്ത സംവരണത്തിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്ര സാഹ്നി കേസിലെ വിധിയിൽ പുനഃപരിശോധന നടത്താമെന്ന് കോടതി നിരീക്ഷിച്ചത്. സംവരണം സംബന്ധിച്ച വിഷയം ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ കാര്യമല്ലെന്നും അതിനാൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേൾക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സർക്കാർ ജോലി എന്നിവയിൽ 12-13 ശതമാനം സംവരണം നൽകുന്ന മഹാരാഷ്ട്രയിലെ നിയമം കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നും അന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
1992ലെ ഇന്ദ്ര സാഹ്നി കേസിലെ വിധിന്യായം പരിശോധിക്കുന്നതിന് ഒരു വലിയ ബെഞ്ചിന് വിടാനും മാർച്ച് 15 മുതൽ ഇതിൽ എല്ലാ ദിവസവും വാദം കേൾക്കാനും കോടതി തീരുമാനിച്ചു. 50 ശതമാനത്തിന് മുകളിലുള്ള സംവരണം ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് ഇന്ദ്ര സാഹ്നി കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസോടെയാണ് കോടതി സംവരണത്തിന് പരിധി നിശ്ചയിച്ചത്.