പന്തളം: കോൺഗ്രസിൽ ഉറച്ചുനിന്നിരുന്ന, അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പോലും പരിഗണിക്കപ്പെട്ടിരുന്ന പന്തളം പ്രതാപന്റെ ബിജെപിയിലേക്കുള്ള പോക്കിൽ ഞെട്ട് കോൺഗ്രസ് ക്യാമ്പ്. ശനിയാഴ്ചവരെ കോൺഗ്രസിൽ സജീവമായിരുന്ന അഡ്വ. പന്തളം പ്രതാപൻ അമിത് ഷാ കേരളത്തിലെത്തിയതോടെ വേദിയിലെത്തിയാണ് ബിജെപിയിൽ പ്രവേശിച്ചത്.
അതേസമയം, പ്രതാപന്റെ ബിജെപി പ്രവേശം പത്തനംതിട്ടയിലെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഞായറാഴ്ച തിരുവനന്തപുരത്ത് അമിത്ഷാ പങ്കെടുത്ത യോഗത്തിൽ വെച്ചാണ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ സഹോദരനായ പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നത്.
അടൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നവരിൽ മുൻനിരയിൽ തന്നെ പ്രതാപന്റെ പേരും ഉൾപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അവസാനനിമിഷം ഉടലെടുത്ത പ്രശ്നങ്ങളാകാം അപ്രതീക്ഷിതമായി പാർട്ടി വിടാൻ കാരണമായതെന്ന് പ്രാദേശിക കോൺഗ്രസ് വൃത്തങ്ങളുടെ നിഗമനം. ബിജെപിയിൽ ചേരുന്ന സമയത്ത് പോലും പന്തളം പ്രതാപന്റെ ഫേസ്ബുക്ക് പ്രൊഫൈൽചിത്രം രാഹുൽ ഗാന്ധിയുടേതായിരുന്നു. കവർ ചിത്രമാകട്ട കോൺഗ്രസ് പതാകയും. ബിജെപിയിൽ ചേർന്നതോടെ ട്രോളുകളും വിമർശനവും ശക്തമാവുകയും കോൺഗ്രസ് ശേഷിപ്പുകൾ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും പ്രതാപൻ നീക്കം ചെയ്തിട്ടുമുണ്ട്.
കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന പ്രതാപൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് കന്നിവിജയം നേടിയ ഇദ്ദേഹം അടുത്ത തവണ വൈസ് പ്രസിഡന്റായി. പിന്നീട് പന്തളം ഗ്രാമപ്പഞ്ചായത്തംഗവും പ്രസിഡന്റുമായി. എസ്എസി, എസ്ടി സംസ്ഥാന ഉപദേശകസമിതിയംഗം, കെടിഡിസി എക്സിക്യുട്ടീവ് ഡയറക്ടർ, റിവർ മാനേജ്മെന്റ് കമ്മിറ്റിയംഗം, ജില്ലാ സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിച്ചയാളാണ്.
കെപിസിസി സെക്രട്ടറി, നിർവാഹകസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പ്രതാപൻ കെ കരുണാകരന് ഏറെ പ്രിയങ്കരനായ യുവനേതാവായിരുന്നു. കെ മുരളീധരനൊപ്പം ഡിഐസിയിലേക്ക് മാറിയശേഷം തിരികെ കോൺഗ്രസിലെത്തി സജീവമായി പ്രവർത്തനം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും രാഷ്ട്രീയ ചുവടുമാറ്റം.
Discussion about this post