ലുധിയാന: അയൽവീട്ടിലെ കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയെ മർദ്ദിച്ച് അവശയാക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. രാജീവ്ഗാന്ധി കോളനിയിൽ താമസിക്കുന്ന ശൈലേന്ദ്രകുമാറാണ്(23) അയൽക്കാരായ ശിവ്ശങ്കർ തിവാരി-മീനു തിവാരി ദമ്പതിമാരുടെ മക്കളായ രജ്നീഷ്(6) മനീഷ്(8) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഞായറാഴ്ചയായിരുന്നു സംഭവം. മീനു തിവാരി വീടിന്റെ പുറകുവശത്തായിരുന്ന സമയത്താണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറി കുട്ടികളുടെ കഴുത്തറുത്തത്. കുട്ടികളുടെ നിലവിളി കേട്ട് മീനു ഓടിയെത്തിയെങ്കിലും ശൈലേന്ദ്രകുമാർ ഇവരെ മർദിച്ച് കീഴ്പ്പെടുത്തി. ശേഷം പ്രതി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെയും യുവതിയെയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വാതിലടച്ചതിനാൽ വീടിനകത്ത് പ്രവേശിക്കാനായില്ല. തുടർന്ന് പോലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. ചോരയിൽ കുളിച്ചുകിടന്ന കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അയൽക്കാരിയായ മീനു തിവാരിയോട് ശൈലേന്ദ്രകുമാറിന് കടുത്ത പ്രണയമായിരുന്നു എന്നും എന്നാൽ യുവതി ഇത് നിരസിച്ചതോടെ ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഭാര്യയെ ഉപദ്രവിച്ച ശൈലേന്ദ്രകുമാറിനെ ശിവ്ശങ്കർ മർദിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ശൈലേന്ദ്രകുമാർ യുവതിക്ക് നേരേ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. പോലീസിൽ പരാതി നൽകുമെന്ന് ശിവ്ശങ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പകയിലാണ് യുവാവ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Discussion about this post