അച്ഛനെ തേടി മകൻ; 27 വർഷത്തിന് ശേഷം ബലാത്സംഗ പരാതി നൽകി യുവതി; 12 വയസുമുതൽ പീഡിപ്പിച്ച രണ്ടുപേർക്ക് എതിരെ കേസെടുത്ത് പോലീസ്

woman

ഷാജഹാൻപുർ: അച്ഛനും അമ്മയും ആരാണെന്ന് തേടി നടന്ന അനാഥനായി വളർന്ന മകനെ കാത്തിരുന്നത് ദാരുണവാർത്ത. 27 വർഷത്തിന് ശേഷം രണ്ട് പേർക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ തേടിയ പോലീസാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറംലോകത്തെ അറിയിച്ചത്. അമ്മയെ കണ്ടെത്തിയ മകൻ തന്റെ അച്ഛനാരാണെന്ന് അമ്മയോട് ചോദിച്ചതിനെ തുടർന്നാണ് കേസുമായി യുവതി ബലാത്സംഗ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഷാജഹാൻപുരിലാണ് സംഭവം.

27 വർഷം മുമ്പ് തന്റെ 12ാം വയസ്സിലാണ് കൂട്ടബലാത്സംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് ഒരു വർഷത്തോളം ഇവർ നിരന്തരം പീഡനത്തിന് ഇരയാവുകയും പിന്നീട് ഗർഭം ധരിച്ച് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. വാർത്താഏജൻസിയായ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

സംഭവത്തിൽ രണ്ട് പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് സദർ ബസാർ പോലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛനാരാണെന്ന് മനസ്സിലാകാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും പോലീസ് അറിയിച്ചു. പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് വിസ്സമ്മതിച്ചെങ്കിലും കോടതിയിൽ പോകുമെന്ന് യുവതി പറഞ്ഞതോടെ പരാതി സ്വീകരിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.

സഹോദരിക്കും അവരുടെ ഭർത്താവിനുമൊപ്പം താമസിച്ചിരുന്ന 12കാരിയായ പെൺകുട്ടിയെ ഒരിക്കൽ വീട്ടിൽ ആളില്ലാത്ത സമയത്ത് നാകി ഹസൻ എന്നയാൾ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌യുകയായിരുന്നു. പിന്നീട് പ്രതിയുടെ സഹോദരനായ ഗുഡ്ഡുവും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പലതവണ ഇരുവരും പീഡിപ്പിച്ചതായി ഇവർ പരാതിയിൽ വ്യക്തമാക്കിയതായി ഷാജഹാൻപുർ എസ്പി സഞ്ജയ് കുമാർ പറഞ്ഞു.

13ാം വയസ്സിൽ ഗർഭിണിയായ ഇവർ 1994ലാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ പിന്നീട് യുവതിയുടെ ഗ്രാമമായ ഉദ്ധംപുരിലെ ഒരാൾക്ക് കൈമാറി. സഹോദരീ ഭർത്താന് റാംപുരിലേക്ക് ട്രാൻസ്ഫറായപ്പോൾ ഇവർ അങ്ങോട്ട് താമസം മാറി. പിന്നീട് 10 വർഷത്തിന് ശേഷം ഗാസിപ്പുരിൽ ഒരാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞു.

അതേസമയം, നാളുകൾക്ക് ശേഷം, യുവതി ചെറുപ്പത്തിൽ ബലാത്സംഗത്തിനിരയായത് ഭർത്താവ് അറിഞ്ഞപ്പോൾ ഇവരിൽ നിന്ന് വിവാഹമോചനം നേടി അയാളും ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു ഗ്രാമത്തിൽ വളർന്ന ആൺകുട്ടി വളർന്നപ്പോഴാണ് അമ്മയെയും അച്ഛനെയും അന്വേഷിച്ചെത്തിയത്. അമ്മയുടെ വിലാസം മനസ്സിലാക്കിയ കുട്ടി അമ്മയെ കണ്ടെത്തുകയും തുടർന്ന് അച്ഛനെ അന്വേഷിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

Exit mobile version