അസംനഗർ: ഉത്തർപ്രദേശിലെ അസിംനഗർ പോലീസ് സ്റ്റേഷന് കീഴിലെ പ്രദേശത്ത് യുവതിക്ക് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് അധികൃതർ വരനെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. രാംപൂർ ജില്ലയിലാണ് ഈ അപൂർവസംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലു യുവാക്കൾക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒരു വരനെ മാത്രം നിശ്ചയിക്കാനായിട്ടായിരുന്നു നറുക്കെടുപ്പ്. നിയമപ്രകാരം ഒരു ഭർത്താവ് മാത്രം അനുവദനീയമായതിനാലാണ് അവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഈ നറുക്കെടുപ്പ് നടത്തിയത്.
അസിംനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ ഗ്രാമത്തിൽ നിന്നുള്ള നാലു യുവാക്കൾ താണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. പിന്നീട് ഇവർ ഈ യുവതിയെ ബന്ധുവിന്റെ വീട്ടിൽ രണ്ടു ദിവസം സുരക്ഷിതമായി താമസിപ്പിച്ചു. ഇതിനോടകം വാർത്ത നാട്ടിലാകെ പരക്കുകയും യുവതിയുടെ ഗ്രാമത്തിൽ വിഷയം വലിയ ചർച്ചയാവുകയും ചെയ്തു. സംഭവം വിവാദമായതോടെ പോലീസ് നടപടി ഭയന്ന് ഇവർ തിരികെ നാട്ടിലെത്തുകയായിരുന്നു.
നാട്ടിലെത്തിയ യുവാക്കളോട് ആരെങ്കിലും ഒരാൾ യുവതിയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും പക്ഷേ യുവാക്കളിലാരും ഒരാളുടെ പേര് മാത്രമായി നിർദേശിച്ചില്ല. ആരെ വിവാഹം കഴിക്കണം എന്ന ചോദ്യത്തിന് യുവതിക്കും ഒരാളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ യുവതിയുടെ മാതാപിതാക്കളുടെ അനുവാദത്തോടെ നറുക്കെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. നാലു യുവാക്കളുടെയും പേരെഴുതിയ കടലാസ് പാത്രത്തിലിടുകയും കൊച്ചുകുട്ടിയെ കൊണ്ട് നറുക്ക് എടുപ്പിക്കുകയുമായിരുന്നു.
നറുക്ക് ആർക്ക് വീണാലും അയാൾ ആ യുവതിയെ കല്യാണം കഴിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. യുവതിയും ഇക്കാര്യം സമ്മതിച്ചു. യുവതിയുടെ സ്വകാര്യതയെ മാനിച്ച് ഇവരുടെ പേരുകൾ പുറത്തു വിട്ടിട്ടില്ല.
Discussion about this post