ഫത്തേപുർ: ഒളിച്ചോടി പോകുന്നതിനിടെ മൂന്നുവയസുകാരിയേയും തട്ടിയെടുത്ത് ഉത്തർപ്രദേശിലെ കമിതാക്കൾ. മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ അടുത്ത ബന്ധുവും കാമുകനും അറസ്റ്റിലായത്. യുപിയിലെ ഫത്തേപുരിലാണ് സംഭവം. 20കാരിയായ യുവതിയും കാമുകനും വിവാഹം കഴിക്കുന്നതിനായി ഒളിച്ചോടുകയായിരുന്നു. പഞ്ചാബിലെ ജലന്ധറിലേക്കാണ് ഇരുവരും ഒളിച്ചുകടന്നത്.
യുവതിക്ക് ഒപ്പം വീട്ടിലെ മൂന്നുവയസായ കുട്ടിയെയും കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ 20കാരിയായ നിഷു ദ്വിവേദിയേയും കാമുകൻ നവ്ദീപ് സിങ് എന്ന ഗിന്നിയേയും പിടികൂടുകയും ഇവരുടെ പക്കൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വിവാഹം കഴിക്കുന്നതിനായാണ് പഞ്ചാബിലേക്ക് ഒളിച്ചോടുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകിയത്. കുടുംബമെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിൽ മുറിയെടുക്കാനായാണ് കുഞ്ഞിനേയും എടുത്തുകൊണ്ടു പോയതെന്നാണ് ഇവരുടെ വിചിത്ര മൊഴി. കുട്ടിയെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും നിഷു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Discussion about this post