മുംബൈ: ബോളിവുഡിലെ കേന്ദ്രസർക്കാർ വിമർശകർക്ക് എതിരെ നടന്ന ആദായ നികുതി റെയ്ഡിന് എതിരെ പരിഹാസവുമായി താരം തപ്സി പന്നു. തന്റെ വസതിയിലും ഓഫീസിലുമായി നടന്ന മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെയാണ് തപ്സി പന്നു വിമർശിക്കുന്നത്. ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപിന്റെയും വികാസ് ബാഹലിന്റെയും തപ്സിയുടെയും വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്.
സംഭവത്തെ പരിഹസിച്ച് തപ്സി പന്നു സോഷ്യൽമീഡിയയിൽ കുറിച്ചതിങ്ങനെ: ‘മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലിൽ മൂന്ന് കാര്യങ്ങൾ കണ്ടെത്താനായിരുന്നു ശ്രമം 1. പാരീസിൽ ഞാൻ സ്വന്തമാക്കിയെന്ന് പറയുന്ന ‘ആരോപണ വിധേയമായ’ ബംഗ്ലാവിന്റെ താക്കോലുകൾ. കാരണം വേനൽക്കാല അവധി ദിനങ്ങൾ അടുക്കാറായി.
2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകൾ. നേരത്തേ ഇവ ഞാൻ നിരസിക്കുകയും ഭാവിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു.
3. 2013 ലെ റെയ്ഡിന്റെ ഓർമ ബഹുമാന്യയായ കേന്ദ്ര ധനകാര്യമന്ത്രി അത് വീണ്ടും ഓർമ്മിപ്പിച്ചു.’തന്റെ പേരിൽ പാരീസിൽ ബംഗ്ലാവ് ഇല്ലെന്നും അഞ്ചുകോടി രൂപയുടെ രസീത് ഇല്ലെന്നും 2013ൽ റെയ്ഡ് നടന്നിട്ടില്ലെന്നുമാണ് പോസ്റ്റിന്റെ സാരം.
മൂന്നുദിവസം നീണ്ട റെയ്ഡിന് ശേഷമാണ് തപ്സിയുടെ പ്രതികരണം. നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു തപ്സിയുടെയും അനുരാഗിന്റെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പൂണെയിലും മുംബൈയിലുമായി 20ഓളം ഇടങ്ങളിലായിരുന്നു റെയ്ഡ്. ഇരുവരെയും ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങളെ നിരന്തരം വിമർശിച്ചതാണ് ഇവർക്കെതിരെ തിരിയാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റേത് പ്രതികാര നടപടിയാണെന്നായിരുന്നു ഇവരുടെ പ്രതികരണങ്ങൾ. ഇതിനെതിരെ കഴിഞ്ഞദിവസം നിർമ്മല സീതാരാമൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. യുപിഎ ഭരണകാലത്ത് 2013ൽ ഈ വ്യക്തികളുടെ വീടുകളിൽ റെയ്ഡ് നടന്നിട്ടുണ്ടെന്നായിരുന്നു നിർമ്മലയുടെ പ്രതികരണം. എന്നാൽ അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ തന്നെ നിലവിൽ തുറന്നുസമ്മതിച്ചിരിക്കുകയാണ്.
Discussion about this post