ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കേന്ദ്ര കമ്മീഷന്റെ നിര്‍ദേശം.
പ്രധാനമന്ത്രിയുടെ ചിത്രം വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന് വിലയിരുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനാണ് പരാതിയുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാരും ബിജെപിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി.
പരാതിയെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കമ്മീഷന് വിശദീകരണം തേടിയിരുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്കിയ വിശദീകരണം. എന്നാല്‍, ചിത്രം നീക്കാന്‍ കമ്മീഷന് നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post