ചെന്നൈ: തമിഴ് പഠിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. തമിഴ് പഠിക്കാത്തതിൽ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൻ കീ ബാത്തിലെ പരാമർശത്തെയാണ് കമൽ ഹാസൻ പരിഹസിച്ചത്.
‘തമിഴ് ജനങ്ങൾ മൂഢരല്ല. തമിഴിനോട് പ്രധാനമന്ത്രിക്ക് പെട്ടെന്നുള്ള ഈ സ്നേഹത്തിന്റെ കാര്യം ഇതുവരെ മനസ്സിലാകാതിരിക്കുമോ? പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷമുള്ള സ്നേഹത്തെക്കുറിച്ച്?’- കമൽ ഹാസൻ ചോദിച്ചു. ‘തമിഴ് വിൽപ്പനക്കില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വിൽപനക്കില്ല’ എന്നും കമൽഹാസൻ പറഞ്ഞു.
തങ്ങളുടെ ഭാഷയിൽ രണ്ടുവരി സംസാരിക്കുന്നതും തിരുക്കറലിൽ നിന്നുള്ള ഈരടികൾ തെറ്റായി ചൊല്ലി കേൾപ്പിക്കുന്നതും ഇവർക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുമെന്നാണോ കരുതുന്നത്? ഞങ്ങൾ വോട്ട് ചെയ്യില്ല. എന്നാൽ അവരെ തിരിച്ചറിയും കമൽഹാസൻ പറഞ്ഞു. മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ശാസ്ത്രീയ ഉപദേഷ്ടകൻ വി പൊൻരാജ് പാർട്ടിയിൽ ചേർന്നതായും കമൽ പ്രഖ്യാപിച്ചു.
‘ചില സാഹചര്യങ്ങളിൽ വളരെ ചെറിയ ചോദ്യങ്ങൾ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്തെങ്കിലും നേടാൻ സാധിക്കാതെ പോയതിൽ ദുഃഖമുണ്ടോ എന്ന് എന്നോടൊരാൾ ചോദിച്ചു. അപ്പോൾ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാൻ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ എനിക്ക് സാധിച്ചില്ല എന്ന്,’- മൻ കി ബാതിലെ പ്രധാനമന്ത്രി മോഡിയുടെ പരാമർശം ഇങ്ങനെ.
Discussion about this post