മുംബൈ: ഭര്‍ത്താവിനെ വാടക കൊലയാളികളെ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയായ പോലീസുകാരിയും കാമുകനായ പോലീസുകാരനും ഉള്‍പ്പടെ അഞ്ച് പേര് അറസ്റ്റില്‍. മുംബൈ വാസി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്നേഹാല്‍, വികാസ് പാഷ്തെ എന്നിവരും ഇവര്‍ ഏര്‍പ്പാടാക്കിയ മൂന്ന് വാടക കൊലയാളികളുമാണ് അറസ്റ്റിലായത്.
ഫെബ്രുവരി 18-നാണ് സ്നേഹാലിന്റെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ(38) മുംബൈ-അഹമ്മദാബാദ് റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം അപകട മരണമാണെന്നായിരുന്നു നിഗമനം. എന്നാല്‍ സംഭവത്തില്‍ സംശയം ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയതും ഭാര്യയും ഭാര്യയുടെ കാമുകന് അറസ്റ്റിലായതും.
ഒരേ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന സ്നേഹാലും വികാസും 2014 മുതല്‍ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ വികാസ് സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പാട്ടീല്‍ അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സ്നേഹാല്‍ തീരുമാനിച്ചത്.
വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താനായി കാമുകന്റെ സഹായം തേടിയ പോലീസ് ഉദ്യോഗസ്ഥ ഇതിനായി 2.5 ലക്ഷം രൂപയും കൈമാറുകയും ചെയ്തു. തുടര്‍ന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഫെബ്രുവരി 18-ന് മൂന്നഗസംഘം പാട്ടീലിന്റെ ഓട്ടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
Discussion about this post