ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയെങ്കിലും ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയിച്ചേക്കില്ലെന്ന് സൂചന. ബിജെപി സഖ്യം വിട്ട് എൻആർ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്നു. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്ന് ബിജെപി ഉറപ്പുനൽകാത്തതാണ് ഇടയാൻ കാരണം. ബിജെപി അനുനയത്തിന് ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് എൻആർ കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ രംഗസാമി അറിയിച്ചതായാണ് റിപ്പോർട്ട്. പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ പ്രസംഗിച്ചതാണ് എൻആർ കോൺഗ്രസിനെ ചൊടിപ്പിച്ചത്.
കോൺഗ്രസ് മന്ത്രിസഭയെ വീഴ്ത്താനായി മന്ത്രിസഭയിലെ രണ്ടാമനെ പോലും ചാക്കിട്ടുപിടിച്ച് കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയ ബിജെപി, ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച് നീങ്ങുന്നതിനിടെയാണു രംഗസാമി ഇടഞ്ഞത്. 30 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ഒറ്റ സീറ്റുപോലും ജയിക്കാത്ത ബിജെപിക്കു മുന്നണിയുടെ ചുക്കാൻ കൊടുക്കാനാകില്ലെന്ന് രംഗസ്വാമി പറയുന്നു.
കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച എൻആർ കോൺഗ്രസ് 7 സീറ്റിൽ ജയിച്ചിരുന്നു. മുന്നണിയിലെ മറ്റൊരു കക്ഷിയായ അണ്ണാഡിഎംകെ നിലപാടു വ്യക്തമാക്കിയിട്ടില്ല. 4 സീറ്റാണു പാർട്ടി കഴിഞ്ഞ തവണ നേടിയത്. മറുപക്ഷത്ത്, കോൺഗ്രസ് ഡിഎംകെ സഖ്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.
തമിഴ്നാട്ടിലേതുപോലെ, കോൺഗ്രസ് ഡിഎംകെ ഇടതു സഖ്യം പുതുച്ചേരിയിലും യാഥാർത്ഥ്യമായാൽ മാഹി മണ്ഡലം ആർക്കു നൽകുമെന്നതും ചർച്ചാവിഷയമാണ്. കണ്ണൂരിനോടു ചേർന്നു കിടക്കുന്ന മാഹിയിൽ കോൺഗ്രസും ഇടതു പാർട്ടികളും തമ്മിലാണു പ്രധാന മത്സരം. അതിനിടെ, കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട എംഎൽഎമാരിൽ ഒരാൾ എൻആർ കോൺഗ്രസിൽ ചേർന്നു.
Discussion about this post