കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ നേടിയാല്‍ തന്റെ ജോലി ഉപേക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
അതേസമയം, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രിയായി മമത ബാനര്‍ജി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
തന്റെ പ്രവചനങ്ങളില്‍ നിന്ന് വിഭിന്നമായി ബിജെപി ബംഗാളില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഈ ജോലി എന്നെന്നേക്കുമായി ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റെന്തെങ്കിലും മേഖലയിലേക്ക് തിരിയുമെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.
‘പശ്ചിമ ബംഗാളില്‍ ബിജെപി നൂറ് സീറ്റിന് മുകളില്‍ വിജയിക്കുകയാണെങ്കില്‍ ഞാന്‍ ഈ ജോലി ഉപേക്ഷിക്കും, ഐപിഎസി എന്ന തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനവും നിര്‍ത്തും. മറ്റെന്തെങ്കിലും വ്യതസ്തമായ മേഖലയാകും പിന്നീട് തെരഞ്ഞെടുക്കുക. ഇന്ത്യാ ടുഡേയോട് പ്രശാന്ത് പറഞ്ഞു.
‘ഉത്തര്‍പ്രദേശില്‍ എനിക്ക് പരാജയം സംഭവിച്ചിട്ടുണ്ട്. പക്ഷേ അവിടെ ഞങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതുപോലെയല്ല ബംഗാളില്‍, ഇവിടെ എനിക്ക് ഒഴിവുകഴിവ് പറയാനാവില്ല. മുഖ്യമന്ത്രി മമത ബാനര്‍ജി തനിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളത്രയും സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാളില്‍ ബിജെപിക്ക് നേട്ടം ഉണ്ടാകുകയാണെങ്കില്‍ ഞാന്‍ ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം മൂലമാണോ തൃണമൂല്‍ നേതാക്കളില്‍ പലരും രാജിവെക്കുന്നതെന്ന ചോദ്യത്തിന് ഞാനിവിടെ വന്നത് സുഹൃത്തുക്കളെ ഉണ്ടാക്കാനല്ലെന്നും പാര്‍ട്ടിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും പ്രശാന്ത് പറഞ്ഞു.
Discussion about this post