മുംബൈ: നിയമസഭയില്‍ ബിജെപിയെ ശക്തമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സാധാരണക്കാരനോട് നീതി കാണിക്കാന്‍ കഴിയാത്ത ബിജെപിക്ക് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന്
ഉദ്ദവ് താക്കറെ പറഞ്ഞു.
ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസ് ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ അവര്‍ക്ക് ഒരു അവകാശവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയോ, ഇന്ത്യയോ ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്ന് പ്രഖ്യാപിച്ചാണ് മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേന നേതാവ് കൂടിയായ ഉദ്ദവ് താക്കറെ പ്രസംഗം അവസാനിപ്പിച്ചത്.
പെട്രോളിന് വില 100 പിന്നിട്ടു, പാചക വാതകത്തിന്റെ വില 1000ത്തിലേക്ക് നീങ്ങുന്നു. നന്ദിയുണ്ട്, കാരണം അവര്‍ സൈക്കിളിന്റെ പൈസയെങ്കിലും വര്‍ദ്ധിപ്പിക്കാതിരിക്കുന്നുണ്ടല്ലോ – ഉദ്ദവ് താക്കറെ ഇന്ധന വില വര്‍ദ്ധനവില്‍ ബിജെപിയെ പരിഹസിച്ചു.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷാ താനുമായി നടത്തിയ ചര്‍ച്ചയും പ്രസംഗത്തില്‍ ഉദ്ദവ് താക്കറെ സൂചിപ്പിച്ചു. എങ്ങനെ മുന്നോട്ടു പോകണം എന്ന തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത്, പുറത്ത് വന്ന് അത് നാണമില്ലാതെ നിങ്ങള്‍ നിഷേധിച്ചു, നാണമില്ലാതെ എന്ന് പറയുന്നത് അണ്‍പാര്‍ളിമെന്ററി വാക്കാണ്. എന്നാലും അത് തന്നെ ഉപയോഗിക്കേണ്ടിവരും. ഇതാണോ നിങ്ങളുടെ ഹിന്ദുത്വ, ഇതാണ് നിങ്ങള്‍ക്ക് ബാല്‍ താക്കറേയോടുള്ള സ്‌നേഹം? – ഉദ്ദവ് താക്കറേ ചോദിക്കുന്നു.