മുംബൈ: മഹാരാഷ്ട്രയില്‍ പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു. മഹരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. ജല്‍ഗാവിലെ ജനനായക് ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനയാണ് ഈ സംഭവം പുറം ലോകത്തെ അറിയിച്ചത്.
അനാഥരും അശരണരുമായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന ആശാദീപ് വിമന്‍സ് ഹോസ്റ്റലിലെ അന്തേവാസികളെ കൊണ്ടാണ് കഴിഞ്ഞ ദിവസം ഏതാനും പോലീസുകാരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് നഗ്നരാക്കി നൃത്തം ചെയ്യിച്ചത്. സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് പോലീസുകാരുടെ അഴിഞ്ഞാട്ടം.
പെണ്‍കുട്ടികളെ നൃത്തം ചെയ്യിക്കുന്നതിന്റെ വീഡിയോ സഹിതം കാണിച്ച് സന്നദ്ധ സംഘടന ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി. എന്നാല്‍ കലക്ടര്‍ അഭിജിത്ത് റാവത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.എന്നാല്‍ സംഭവം ശ്രദ്ധയില്‍ പെട്ട ചിക്ലി മണ്ഡലത്തിലെ ബിജെപി എംഎല്‍എ ശ്വേത മഹാലെ സംഭവം നിയമസഭയില്‍ ഉന്നയിച്ചു. ഇതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു.
ഹോസ്റ്റലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നേരത്തെയും പലതരം പരാതികളും ഉയര്‍ന്നിരുന്നു. ഹോസ്റ്റല്‍ ജീവനക്കാരുടെ ഒത്താശയോടെ പോലീസുകാരും മറ്റും അനധികൃതമായി ഹോസ്റ്റലില്‍ വരാറുണ്ടെന്ന് അന്തേവാസികളായ പെണ്‍കുട്ടികള്‍ പറയുന്നു.
Discussion about this post