ന്യൂഡൽഹി: തങ്ങളുടെ പാർട്ടിയുടെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനത്തെ തള്ളി പറഞ്ഞ് കോൺഗ്രസ് പുതുതലമുറ നേതാവായ രാഹുൽ ഗാന്ധി. രാജ്യത്ത് 1975 ൽ അന്നത്തെ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ തീരുമാനം തീർത്തും തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. യുഎസിലെ കോർണൽ സർവ്വകലാശാല പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ കൗഷിക് ഭാസുവുമായുള്ള അഭിമുഖത്തിലാണ് രാഹുലിന്റെ തുറന്നു പറച്ചിൽ.
‘അത് (അടിയന്തരാവസ്ഥ തീർത്തും തെറ്റായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. എൻറെ മുത്തശ്ശിയും (ഇന്ദിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്.’ -രാഹുൽ പറഞ്ഞു. ‘അതേസമയം, ഒരു ഘട്ടത്തിലും ഇന്ത്യൻ ജനാധിപത്യത്തിന്റെഘടനയെയും ചട്ടക്കൂടിനെയും കോൺഗ്രസ് കയ്യേറ്റം ചെയ്തിട്ടില്ല. തുറന്നു പറയകയാണെങ്കിൽ, കോൺഗ്രസിന് ഒരിക്കലും അതിനാകില്ല. ഞങ്ങളുടെ പാർട്ടി ഘടന അതിനനുവദിക്കുന്നില്ല’-രാഹുൽ തുടർന്നു.
അക്കാലത്തെ സാഹചര്യം വ്യത്യസ്തമായിരുന്നെന്നും രാഹുൽ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഇപ്പോൾ സംഭവിക്കുന്നത് തീർത്തും വ്യത്യസ്തമാണ്. ഭരണഘടനാ സ്ഥപനങ്ങളിൽ ആർഎസ്എസ് അവരുടെ ആളുകളെ നിറക്കുകയാണ്. അതുകൊണ്ടു തന്നെ, തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയാലും ഭരണഘടനാസ്ഥാപനങ്ങളെ ഉടനെയൊന്നും മോചിപ്പിക്കാനാകില്ല’- രാഹുൽ പറഞ്ഞു.
LIVE: My interaction with Prof Kaushik Basu @Cornell University https://t.co/GfErZtSpW2
— Rahul Gandhi (@RahulGandhi) March 2, 2021
ആർഎസ്എസ് ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്റെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് തന്നോട് പറഞ്ഞിരുന്നെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്എസ് നടത്തിയ കയ്യേറ്റം വ്യക്തമാക്കുന്നതാണ് കമൽനാഥിന്റെ അനുഭവം.
‘ആധുനിക ജനാധിപത്യങ്ങൾ നിലനിൽക്കുന്നത് ഭരണഘടനാസ്ഥപനങ്ങൾ സ്വതന്ത്രവും പരസ്പര പൂരകവുമായി നിലനിൽക്കുമ്പോഴാണ്. എന്നാൽ, ഇന്ത്യയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആർഎസ്എസ്. ആസൂത്രിതമായി ആക്രമിച്ച് ഇല്ലാതാക്കുകയാണ്. ജനാധിപത്യം നശിക്കുകയാണെന്ന് ഞാൻ പറയില്ല, അതിനെ ഞെരിച്ച് കൊല്ലുകയാണെന്ന് പറയേണ്ടിവരും’-രാഹുൽ പറഞ്ഞു.