ചെന്നൈ: മൂത്തമകനില്‍ നിന്ന് ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ പ്രവചനത്തില്‍ അഞ്ചുവയസുകാരനെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യുടെ മകന് സായ് ശരണിനെയാണ് പിതാവ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റുചെയ്തു.
ആറുവര്‍ഷംമുമ്പ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്മക്കളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാല്‍ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് കഴിഞ്ഞയിടെ ഒരു ജോത്സ്യന് ഗണിച്ചുപറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു. അതേച്ചൊല്ലി ഭാര്യ ഗായത്രിക്കും രാംകിക്കുമിടയില്‍ കലഹം പതിവായിരുന്നു.
അഞ്ചുദിവസംമുമ്പ് വീണ്ടും വഴക്കുണ്ടായപ്പോള്‍ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയല്‍ക്കാരും ചേര്‍ന്ന് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Discussion about this post