ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന ഉത്തരവുമായി സുപ്രീംകോടതി. പ്രതിയായ യുവാവിനോട് ഇരയെ വിവാഹം കഴിക്കാൻ സുപ്രീംകോടതി നിർബന്ധിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇരയെ വിവാഹം കഴിക്കാൻ സമ്മതമാണെങ്കിൽ ജാമ്യം അനുവദിക്കാമെന്ന നിർദേശം മുന്നോട്ട് വെച്ചത്.
മഹാരാഷ്ട്ര വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി. ക്രിമിനൽ കേസിൽ അറസ്റ്റിലായി 48 മണിക്കൂർ കസ്റ്റഡിയിൽ കഴിയേണ്ടി വന്നാൽ മഹാരാഷ്ട്രയിലെ സർക്കാർ സർവീസ് നിയമമനുസരിച്ച് പ്രതിക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി അറസ്റ്റ് ഒഴിവാക്കാനായി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, കേസ് പരിഗണിക്കവെ, പ്രതിയുടെ അഭിഭാഷകനോട് പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് സമ്മതമാണോ എന്ന് കോടതി ആരായുകയായിരുന്നു. പെൺകുട്ടിക്ക് നിലവിൽ 18 വയസ് തികഞ്ഞ സാഹചര്യത്തിലാണ് കോടതിയുടെ വിചിത്രമായ ചോദ്യം ഉയർന്നത്.
” ചെറിയൊരു പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ചിന്തിക്കണമായിരുന്നു. നിങ്ങൾക്കറിയാം നിങ്ങളൊരു സർക്കാർ ജീവനക്കാരനാണെന്ന്. ഞങ്ങൾ(സുപ്രീംകോടതി) നിങ്ങളെ ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയല്ല. നിങ്ങൾക്ക് താൽപര്യമാണെങ്കിൽ മതി. അല്ലെങ്കിൽ പിന്നീട് നിങ്ങൾ പറയും കോടതി നിർബന്ധിച്ചിട്ടാണ് വിവാഹം കഴിച്ചതെന്ന്.”-കേസിൽ കോടതി പ്രതിയോടായി പറഞ്ഞതിങ്ങനെ.
ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് പ്രതിക്ക് തീരുമാനമെടുക്കാൻ സാവകാശവും നൽകി. പിന്നീട് പ്രതിയോട് സംസാരിച്ച അഭിഭാഷകൻ അഡ്വ. ആനന്ദ് ദിലീപ് ‘പ്രതി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചിരുന്നെന്നും എന്നാൽ പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു’ എന്നും അറിയിച്ചു.
തനിക്ക് മറ്റൊരു വിവാഹം കഴിക്കാൻ ഇനി സാധിക്കില്ലെന്നും താൻ നിലവിൽ വിവാഹിതനാണെന്നും പ്രതി കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. തുടർന്ന് ആരോപണ വിധേയനായ യുവാവിന് നാല് ആഴ്ചത്തേക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകാൻ കോടതി പോലീസിനോട് നിർദേശിച്ചു.
പെൺകുട്ടി ഒമ്പതാംക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് സ്ഥിരമായി പെൺകുട്ടിയെ പിന്തുടർന്നിരുന്ന പ്രതി ഒരിക്കൽ പെൺകുട്ടി വീട്ടിൽ തനിച്ചായ സമയത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്നാണ് കേസ്. പിന്നീട്, പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും സഹോദരനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി ഇയാൾ നിരന്തരം പീഡനം തുടർന്നെന്നാണ് പെൺകുട്ടി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
പിന്നീട്, പെൺകുട്ടിയുടെ വീട്ടുകാർ പീഡനത്തെ കുറിച്ച് മനസിലാക്കുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ പെൺകുട്ടിക്ക് 18 വയസായാൽ വിവാഹം കഴിക്കാമെന്ന് പ്രതി വാഗ്ദാനം ചെയ്യുകയായിരുന്നു. ഇരുവരുടേയും വീട്ടുകാർ ഇത് സംബന്ധിച്ച് ധാരണയിലെത്തുകയും ചെയ്തു. എന്നാൽ, പെൺകുട്ടിക്ക് 18 വയസായപ്പോൾ ഇയാൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ കോടതിയെ സമീപ്പിച്ചത്.
നേരത്തെ വിചാരണ കോടതിയിൽ നിന്നും പ്രതി നേടിയ മുൻകൂർ ജാമ്യം മുംബൈ ഹൈക്കോടതിയിലെ ഔറംഗാബാദ് ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post