രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണം അവസാനിച്ചു: സംഭാവനയായി ലഭിച്ചത് രണ്ടായിരം കോടിയിലേറെ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി 2000 കോടിയിലേറെ ലഭിച്ചതായി റിപ്പോര്‍ട്ട്. ക്ഷേത്ര നിര്‍മാണത്തിനായുള്ള പണം സ്വരൂപിക്കാന്‍ ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം ശനിയാഴ്ച അവസാനിച്ചതായും രാമജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ജനുവരി 15 മുതല്‍ ആരംഭിച്ച ധനസമാഹരണ യജ്ഞം ശനിയാഴ്ചയാണ് അവസാനിച്ചത്. ഏകദേശം 1,100 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്ര ടെസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതിനെക്കാള്‍ 1,000 കോടിയോളം രൂപ അധികമായി ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവനയായി എത്തി.

വലിയൊരു തുക ഇനിയും എണ്ണത്തിട്ടപ്പെടുത്താനുണ്ടെന്നും ഇതു പൂര്‍ത്തിയാകുന്നതോടെ തുക ഇനിയും വര്‍ധിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. ക്യാംപയിന്‍ അവസാനിക്കുന്നതിന് ഒരു ദിവസം മുന്‍പേ, വിശ്വ ഹിന്ദു പരിഷത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍, ജനങ്ങളോട് കഴിയുന്നത്ര വേഗം സംഭാവന നല്‍കണമെന്നും ഇതിനായി പുറത്തിറക്കിയ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.


അധികമായി ലഭിച്ച പണം ക്ഷേത്ര ടെസ്റ്റ് അയോധ്യയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പണം ദുരുപയോഗപ്പെടുത്തരുതെന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അധികമായി ലഭിച്ച പണം സീതയുടെ പേരില്‍ ഒരു സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കാനും ക്ഷേത്ര നഗരിയില്‍ സൗജന്യമായി പാല്‍ വിതരണത്തിനായി ഒരു ഗോശാല നിര്‍മിക്കാനും ഉപയോഗിക്കണമെന്ന് സ്വാമി പരമന്‍സ് ആചാര്യ പറഞ്ഞു.

സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന നടപടിയെക്കുറിച്ച് അയോധ്യയിലെ ട്രസ്റ്റ് ഓഫീസിന്റെ ചുമതലയുള്ള പ്രകാശ് ഗുപ്ത പറയുന്നത് ഇങ്ങനെ- വലിയൊരു തുക ഇനിയും എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. നോട്ടെണ്ണലിന്റെയും ഓഡിറ്റിന്റെയും മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. വിശ്വ ഹിന്ദു പരിഷത് കൊണ്ടുവന്ന നോട്ടെണ്ണല്‍ സംവിധാനം പിഴവുകള്‍ ഇല്ലാത്തതാണ്. ഓരോ ഘട്ടവും സാങ്കേതിക രംഗത്തെ വിദഗ്ധര്‍ രൂപം നല്‍കിയ ആപ്പ് വഴി ട്രാക്ക് ചെയ്യുന്നുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം ഐഡിയും പാസ് വേഡും നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും ഡാറ്റ അപ്ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്.

Exit mobile version