മുംബൈ: ‘ടിക് ടോക്ക്’ താരം പൂജ ചവാൻ(22) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മഹാരാഷ്ട്ര വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവായ റാത്തോഡ് ബഞ്ചാര സമുദായത്തിലെ പ്രബലനമായ നേതാവ് കൂടിയാണ്. തിങ്കളാഴ്ച സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനം ആരംഭിക്കാരിനിരിക്കെ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് റാത്തോഡ് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു.
പൂജയുടെ ആത്മഹത്യയ്ക്ക് പിന്നാലെ റാത്തോഡിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മർദം ചെലുത്തിയിരുന്നു. സഞ്ജയ് റാത്തോഡും പൂജയുടെ ബന്ധുവും തമ്മിൽ നടത്തിയതായി ആരോപിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ ഇതിനിടെ ചോർന്നതോടെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയത്.
നേരത്തെ, പൂജയുടെ ഗർഭമലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ട്.
ആരോപണങ്ങളും സമ്മർദ്ദവും ശക്തമായതോടെ കഴിഞ്ഞ 16ന് മുഖ്യനെ കണ്ട് റാത്തോഡ് രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമുദായത്തിന്റെ സമ്മർദ്ദം ഭയന്ന് രാജി സർക്കാർ സ്വീകരിച്ചിരുന്നില്ല.
ഇതിനിടെ, മന്ത്രിക്കെതിരായ ആരോപണങ്ങൾ പൂജയുടെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴിനാണ് പുണെയിൽ സഹോദരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പൂജ മരിച്ചത്.
Discussion about this post