ന്യൂഡൽഹി: കർഷകസമരം കൊടുമ്പിരി കൊണ്ടിരിക്കെ കർഷകർക്ക് അനുകൂലമായ പ്രസ്താവന നടത്തി കേന്ദ്രത്തെ വെട്ടിലാക്കി ബാബ രാംദേവ്. വിവാദ കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്കു സസ്‌പെൻഡ് ചെയ്യണമെന്നു ബാബ രാംദേവ് ആവശ്യപ്പെട്ടു. പുതിയ കാർഷിക നിയമങ്ങൾ മാറ്റിവച്ച ശേഷം കർഷകരുമായി ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കുകയാണു കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെയോ കരാർ കൃഷിക്കാരുടെയോ വക്താവല്ല താൻ. എന്നാൽ, കേന്ദ്രസർക്കാരും കർഷകരും തമ്മിൽ സമാധാനത്തിനാണ് ആഗ്രഹം. പ്രതിസന്ധി പരിഹരിക്കപ്പെടണം. രാജ്യത്തിനും കർഷകർക്കും താത്പര്യമുള്ള കാർഷിക നയങ്ങളെക്കുറിച്ചു സർക്കാരും കർഷകരും ഒരുമിച്ചിരുന്നു ചർച്ച ചെയ്യണം. ഇപ്പോൾ പ്രശ്‌നം പരിഹരിക്കാൻ കർഷകരോ, സർക്കാരോ തയാറല്ല. ഈ സ്ഥിതി മാറണം. എല്ലാ പ്രശ്‌നങ്ങൾക്കും മധ്യത്തിലായി ഒരു പരിഹാരമുണ്ടെന്നും രാംദേവ് ഹരിയാനയിൽ വെച്ച് പ്രതികരിച്ചു.
ഹരിയാനയിലെ സമൽഖയിൽ ഒരു പ്രമുഖ ബിസിനസുകാരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ രാംദേവ് കേന്ദ്ര സർക്കാരിനെ തള്ളിപ്പറയുകയായിരുന്നു. ഒന്നര വർഷത്തേക്കു നിയമം നടപ്പിലാക്കുന്നതു സസ്‌പെൻഡു ചെയ്യാമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോരെന്നു കർഷകർക്കു തോന്നുന്നുണ്ടെങ്കിൽ ഈ കാലാവധി മൂന്നു വർഷമായി കൂട്ടാൻ സർക്കാർ തയ്യാറാകണമെന്നു ബിജെപി സഹയാത്രികനായ രാംദേവ് പറഞ്ഞു.
Discussion about this post