ന്യൂഡൽഹി: ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് അമ്പലം നിർമ്മിച്ച ഹിന്ദുമഹാസഭാ നേതാവിനെ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചതിനെ ചോദ്യം ചെയ്ത് പാർട്ടിയിലെ മറുവിഭാഗം. വിഷയത്തിൽ മധ്യപ്രദേശ് കോൺഗ്രസിൽ പരസ്യമായ പൊട്ടിത്തെറി നടക്കുകയാണ്. ഹിന്ദുമഹാസഭാ നേതാവും ഗ്വാളിയോർ കോർപ്പറേഷനിൽ കൗൺസിലറായിരുന്ന ബാബുലാൽ ചൗരസ്യയെയാണ് മുൻമുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം കോൺഗ്രസിലേക്ക് ആനയിച്ചത്.
ഗോഡ്‌സെ ആരാധകനെ കോൺഗ്രസിലെടുത്തതു തെറ്റാണെന്ന് മുതിർന്ന പാർട്ടി നേതാവ് മനക് അഗർവാൾ തുറന്നടിച്ചു. ”ബാപ്പു, ഞങ്ങൾ ലജ്ജിക്കുന്നു. മഹാത്മാഗാന്ധി നീണാൾ വാഴട്ടെ” എന്ന് ട്വിറ്ററിൽ കുറിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ അരുൺ യാദവും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യത്ത് രണ്ടുതരം പ്രത്യയശാസ്ത്രമാണ് പ്രവർത്തിക്കുന്നത്. ഒന്ന് ഗാന്ധിയുടേതും മറ്റൊന്ന് ഗോഡ്‌സെയുടേതും. ഗാന്ധിഘാതകനുക്ഷേത്രം നിർമ്മിക്കുകയും ആരാധിക്കുകയും ചെയ്തയാളെ പിന്നീട് ഗാന്ധിയൻ തത്ത്വശാസ്ത്രത്തോട് സമാനപ്പെടുത്തുന്നതു ശരിയല്ലെന്നും വ്യക്തമാക്കി അരുൺ യാദവ് വീഡിയോ സന്ദേശവും പുറത്തുവിട്ടു. മുൻമന്ത്രി സുഭാഷ് കുമാർ സൊജാത്തിയ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണച്ചു.
ഹിന്ദുമഹാസഭ പ്രവർത്തകനായ ചൗരസ്യ 2015ൽ ഗ്വാളിയോറിൽ സ്വതന്ത്രസ്ഥാനാർഥത്ഥിയായി മത്സരിച്ചയാളാണ്. 2017ൽ ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷവും ഗോഡ്‌സെ അനുകൂല പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. എന്നിട്ടും ഇദ്ദേഹത്തെ പാർട്ടിയിൽ എടുത്തതാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ആരാണ് ഈ ബാബുലാൽ ചൗരസ്യയെന്നായിരുന്നു മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ് ചോദ്യം ചെയ്തത്. ഗോഡ്‌സെ ആരാധകർക്കുള്ള സ്ഥലം സെൻട്രൽ ജയിലാണെന്ന് കോൺഗ്രസ് നേതാവ് ലക്ഷ്മൺ സിങും തുറന്നടിച്ചു.
അതേസമയം, ഹിന്ദുമഹാസഭാ നേതാക്കൾ ഗോഡ്‌സെയെക്കുറിച്ചുള്ള ചില വ്യാജപുസ്തകങ്ങൾ നൽകി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ബാബുലാൽ ചൗരസ്യയുടെ വാദം. കോൺഗ്രസ് റാലിയിൽ ആളെക്കൂട്ടാൻ പണവും മറ്റു സഹായവും നൽകിയതിന്റെ പേരിൽ ചൗരസ്യയെ പുറത്താക്കുകയായിരുന്നെന്ന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീർ ഭരദ്വാജും പ്രതികരിച്ചു. നേരത്തേ പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ചൗരസ്യ ഇപ്പോൾ മടങ്ങി വന്നതാണെന്നാണ് ഗ്വാളിയോർ കോൺഗ്രസ് എംഎൽഎ പ്രവീൺ പഥക്ക് വിശദീകരിച്ചത്.