ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പാല് ലിറ്ററിന് നൂറുരൂപയാക്കി ഉയര്‍ത്തുമെന്ന് കര്‍ഷകര്‍. പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
മാര്‍ച്ച് ഒന്നുമുതല്‍ പാല് ലിറ്ററിന് നൂറുരുപയാക്കി ഉയര്‍ത്താനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനം. ന്യൂസ് പോര്‍ട്ടലായ ലോക്മത് ഇംഗ്ലീഷാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നതോടെ ഗതാഗത ചെലവ് കുത്തനെ ഉയര്‍ന്നു. കൂടാതെ മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചെലവുകള്‍ തുടങ്ങിയവയും വര്‍ധിച്ചു. ഇതിനാലാണ് പാല്‍വില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
നിലവില്‍ ലിറ്ററിന് 50 രൂപക്കാണ് പാല് വില്‍ക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഇരട്ടിവിലയാക്കും. കര്‍ഷകര്‍ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായും ഭാരതീയ കിസാന്‍ യൂനിയന്‍ പറഞ്ഞു.
പാലിന്റെ വില വര്‍ധിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന് അറിയാം. എന്നാല്‍ തീരുമാനത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ട് പോകില്ല. വില ഇരട്ടിയാക്കാനാണ് തീരുമാനമെന്നും കിസാന്‍ യൂനിയന്‍ വ്യക്തമാക്കി.
കര്‍ഷകരുടെ നീക്കത്തെ എതിര്‍ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വില ഉയര്‍ത്തുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി.
Discussion about this post