ഡെറാഡൂണ്‍: വിവാഹ ദിവസം മദ്യം വിളമ്പിയുള്ള പാര്‍ട്ടികള്‍ നടത്താതിരിക്കാനായി ശബ്ദമുയര്‍ത്തുന്ന വധൂവരന്മാര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് പോലീസ്. വിവാഹ സത്കാരത്തിലെ മദ്യപാനം ഒഴിവാക്കാനായി ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പോലീസിന്റേതാണ് പുതിയ തീരുമാനം.
ബുഹ്ലി കന്യാദാന്‍ പദ്ധതി എന്ന പേരിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കോക്ടെയില്‍ പാര്‍ട്ടികള്‍ ഇല്ലാതെ നടക്കുന്ന വിവാവ ചടങ്ങിലെ വധുവിന് പതിനായിരത്തൊന്ന് രൂപ നല്‍കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഈ തുക ദേവപ്രയാഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ തന്നെയാണ് സമാഹരിക്കുന്നത്.
ദേവപ്രയാഗ് പോലീസ് സ്റ്റേഷന്റെ പരിധിയിലെ വീടുകളിലെ യുവതികള്‍ക്കാണ് ഈ സമ്മാനം ലഭ്യമാക്കുന്നത്. മദ്യപിച്ചുള്ള കലഹങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സ്റ്റേഷന്‍ ഹൌസ് ഓഫീസറായ മഹിപാല്‍ റാവത്ത് പ്രതികരിച്ചു. ഈ പ്രദേശത്തെ ആളുകളോട് മദ്യപാനം ഒഴിവാക്കുന്നത് സംബന്ധിച്ച നിരവധി പ്രാവശ്യം സംസാരിച്ചിട്ടും അനുകൂലമായ നിലപാടിലെത്താത്തതോടെയാണ് ഇത്തരമൊരു ശ്രമമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.