മൈസൂരു: സിവൽ സർവെന്റായ ഓഫീസർമാരുടെ അധികാര വിനിയോഗത്തിന്റെയും അഹങ്കാരം നിറഞ്ഞ പ്രവർത്തിയുടേയും വാർത്തകൾ പലപ്പോഴും സോഷ്യൽമീഡിയയിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഐഎഎസ് പദവി വഹിക്കുന്ന വനിതയുടെ ലളിതമായ പ്രവർത്തിയാണ് സോഷ്യൽമീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. പഞ്ചറായ കാറിന്റെ അറ്റകുറ്റപ്പണി നടത്തിയാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ (ഡിസി) രോഹിണി സിന്ദൂരി താരമായിരിക്കുന്നത്.
എസ്‌യുവിയുടെ പഞ്ചറായ ടയർ സ്വന്തമായി മാറ്റിയിട്ടിരിക്കുകയാണ് രോഹിണി. പൊതുവെ വാഹനം പഞ്ചറായാൽ മറ്റൊന്ന് എത്തിക്കാനാണ് മിക്ക ഓഫീസർമാരും ആവശ്യപ്പെടുക. പഞ്ചറായ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു വാഹനം തന്റെ ജീവനക്കാർ വഴി എത്തിക്കാൻ രോഹിണിക്ക് സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ജില്ലാ ഭരണാധികാരിയായ രോഹിണി മറ്റാരുടെയും സഹായം തേടാതെ പഞ്ചറായ ടയർ ഒറ്റയ്ക്ക് മാറ്റിയിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒരു മാളിന്റെ പാർക്കിങ് ഏരിയയോട് സാദൃശ്യമുള്ള സ്ഥലത്ത് നിന്നുള്ള വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അവധിദിവസം പുറത്തുപോയ രോഹിണിയെയാണ് ദൃശ്യത്തിൽ കാണാനാവുക.
രോഹിണി ടയർ മാറ്റാൻവേണ്ടി ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തവേ ഒരാൾ അടുത്തുവന്ന് ‘മാഡം, നിങ്ങൾ ഡിസി രോഹിണി സിന്ദൂരിയാണോ’ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, തുടക്കത്തിൽ രോഹിണി പ്രതികരിച്ചില്ല. എന്നാൽ, അയാൾ വീണ്ടും രോഹിണി സിന്ദൂരിയാണോയെന്നും പഞ്ചർ മാറുകയാണോയെന്നും ചോദിച്ചപ്പോൾ രോഹിണി അയാളുടെ നേരെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും തന്റെ പ്രവൃത്തി തുടരുകയുമായിരുന്നു.
അവധി ദിവസങ്ങളിൽപ്പോലും ഔദ്യോഗിക ഡ്രൈവറെയും കൊണ്ട് പുറത്തുപോകുന്ന ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് രോഹിണി തനിച്ച് ഡ്രൈവ് ചെയ്ത് പോയതും ആരുടേയും സഹായം തേടാതെ തന്നെ ടയർ മാറ്റിയിട്ടതും. ഇതിനിടെ തന്നോട് വന്ന് സംസാരിച്ച ആളോട് വളരെ സൗഹാർദപരമായി പുഞ്ചിരിച്ചുകൊണ്ടാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ പ്രതികരിക്കുന്നതും. സംഭവത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ ‘അതേക്കുറിച്ച് ഒന്നും പറയാനില്ല’ എന്നായിരുന്നു രോഹിണിയുടെ മറുപടി.
Discussion about this post