ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപു സ്വർണ്ണ പണയ വായ്പകൾ എഴുതിത്തള്ളി തമിഴ്‌നാട് സർക്കാർ നടപടി. കോവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ നേരത്തെ കുറഞ്ഞ പലിശനിരക്കിൽ സ്വർണ്ണപണയ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
25,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് പദ്ധതിയുടെ ഭാഗമായി വായ്പ നൽകിയിരുന്നത്. കോവിഡിന്റെ പ്രതിസന്ധിയിൽ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറിയിട്ടില്ലെങ്കിലും ലോക്ക്ഡൗൺ സമയത്ത് പണയംവച്ച സ്വർണം വീണ്ടെടുക്കാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ, ഈ പ്രഖ്യാപനം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കർഷകർ ഉൾപ്പെടെയുള്ള പദ്ധതിയുടെ ഉപഭോക്താക്കളായവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി അറിയിച്ചിരിക്കുന്നത്.16 ലക്ഷത്തിലധികം കർഷകരുടെ 12,000 കോടി രൂപയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതാണ് തന്റെ ആദ്യ കടമയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വെള്ളിയാഴ്ച, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുൻപായിരുന്നു സർക്കാർ നടപടി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും.
Discussion about this post