അഹമ്മദാബാദ്: മൊട്ടേറ സ്റ്റേഡിയത്തിന്റെ പേര് മാറ്റ വിവാദത്തില്‍ വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍. സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിട്ടതില്‍ അസ്വാഭാവികതയില്ലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.
സ്റ്റേഡിയം സര്‍ദാര്‍ പട്ടേലിന്റെ പേരിലല്ല അറിയപ്പെട്ടിരുന്നത്. മൊട്ടേര സ്റ്റേഡിയം എന്നായിരുന്നു ഇതുവരെ വിളിച്ചിരുന്നത്- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്റെ പേര് മാറ്റിയത്. നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കിയത്. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുകയാണ്.
പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് നവീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവര്‍ സന്നിഹിതരായി.
തൊണ്ണൂറായിരം പേര്‍ക്ക് ഇരിപ്പിടമുള്ള വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് കപ്പാസിറ്റിയുടെ കാര്യത്തില്‍ അഹമ്മദാബാദ് സ്റ്റേഡിയം മറികടന്നിരിക്കുന്നത്. നാല് ഡ്രസിംഗ് റൂം അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നു.