ഗാന്ധിനഗർ: അപ്രതീക്ഷിതമായി ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭായ് പട്ടേൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് നൽകിയതിനെ പരിഹസിച്ച് ജിഗ്നേഷ് മേവാനി. ഗുജറാത്തിലെ പ്രമുഖ ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് സോഷ്യൽമീഡിയയിലൂടെയാണ് സംഭവത്തെ പരിഹസിച്ചത്.
”ഗുജറാത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുകയാണ്. ഒരു ദിവസം നമ്മൾ മോട്ടേര സ്‌റ്റേഡിയത്തിന് സർദാർ പട്ടേലിന്റെ പേരിടും. കൂടെ കൻകാരിയ മൃഗശാലക്ക് നരേന്ദ്ര മൃഗശാലയെന്നും പേരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു)”- മേവാനി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിൽ തുടങ്ങാനിരിക്കേയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സ്‌റ്റേഡിയത്തിന്റെ പേരുമാറ്റിയതായി രാഷ്ട്രപതി പ്രഖ്യാപിച്ചത്. സർദാർ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള സ്‌റ്റേഡിയം നരേന്ദ്ര മോഡിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്.
1,10,000 സീറ്റുകളാണ് അഹമ്മദാബാദിലെ ഈ സ്റ്റേഡിയത്തിനുള്ളത്. സ്‌റ്റേഡിയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ്. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമി പൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അതേസമയം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.
It's my promise to the people of Gujarat, that one day we shall rename Motera Stadium to Sardar Patel Cricket Stadium,…
Posted by Jignesh Mevani on Wednesday, 24 February 2021