അകത്ത് വെറുപ്പ്, പുറത്ത് സൗഹൃദം എന്നതാണ് ബിജെപി നിലപാട്: പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് അദ്ദേഹത്തെ അപമാനിക്കുന്നു; ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയതില്‍ രൂക്ഷമായി പ്രതിഷേധം അറിയിച്ച് പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍.

സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്ന ബിജെപി ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയിരിക്കുന്നു. ഇത് പട്ടേലിനെ അപമാനിക്കല്‍ അല്ലാതെ മറ്റെന്താണ്? സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്ന ബിജെപി ഇപ്പോള്‍ സര്‍ദാര്‍ സാഹിബിനെ അപമാനിക്കുകയാണ്. പട്ടേലിനെ അപമാനിച്ചത് ഗുജറാത്തിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല- ഹാര്‍ദിക് കുറിച്ചു.


മറ്റൊരു ട്വീറ്റില്‍ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞതിങ്ങനെ- ‘സര്‍ദാര്‍ പട്ടേല്‍ ആണ് ആര്‍എസ്എസിനെ നിരോധിച്ചത്. അതിനാലാണ് സര്‍ദാര്‍ പട്ടേലിന്റെ പേര് മായ്ക്കാന്‍ ആര്‍എസ്എസ് ശിഷ്യന്മാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നത്. അകത്ത് വെറുപ്പ്, പുറത്ത് സൗഹൃദം എന്നതാണ് പട്ടേലിനോടുള്ള ബിജെപിയുടെ നിലപാട്. സര്‍ദാര്‍ പട്ടേലിനെ അപമാനിച്ചത് ഇന്ത്യ ഒരിക്കലും സഹിക്കില്ലെന്ന് ഓര്‍ത്തോളൂ’.

പുതുക്കി പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഇവിടെയാണ് നടക്കുക.

Exit mobile version