ഇത് യുഎസ് സുപ്രീംകോടതിയോ മജിസ്ട്രേറ്റോ അല്ല! ‘യുവര്‍ ഓണര്‍’ എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ത്ഥിയെ തിരുത്തി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: വാദം കേള്‍ക്കലിനിടെ ‘യുവര്‍ ഓണര്‍’ എന്ന് അഭിസംബോധന ചെയ്ത നിയമവിദ്യാര്‍ത്ഥിയെ തിരുത്തി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്.

‘യുവര്‍ ഓണര്‍’ എന്നുവിളിക്കുന്നത് യുഎസ് സുപ്രീംകോടതിയെയോ മജിസ്ട്രേറ്റിനെയോ ആണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

നിയമ വിദ്യാര്‍ത്ഥിയായ ഹര്‍ജിക്കാരന്‍ കീഴ്ക്കോടതികളിലെ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച് വാദിക്കുന്നതിനിടെയാണ് ‘യുവര്‍ ഓണര്‍’ എന്നു പ്രയോഗിച്ചത്. ‘താങ്കള്‍ യുവര്‍ ഓണര്‍ എന്നു വിളിക്കുമ്പോള്‍ യുഎസ് സുപ്രീംകോടതിയോ മജിസ്ട്രേറ്റോ ആയിരിക്കും മനസ്സില്‍. ഞങ്ങള്‍ അത് രണ്ടുമല്ല.’ – എസ്എ ബോബ്ഡെ പറഞ്ഞു.

ഉടന്‍ തന്നെ മാപ്പുപറഞ്ഞ ഹര്‍ജിക്കാരന്‍ ഇനിമുതല്‍ താന്‍ ‘മൈ ലോര്‍ഡ്സ്’ എന്നു വിളിക്കാം എന്നും അറിയിച്ചു. തെറ്റായ പദപ്രയോഗങ്ങള്‍ നടത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഇതിനു മറുപടി നല്‍കി.

‘മൈ ലോര്‍ഡ്’, ‘യുവര്‍ ലോര്‍ഡ്ഷിപ്പ്’ തുടങ്ങിയ പദപ്രയോഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശിവ് സാഗര്‍ തിവാരി നല്‍കിയ ഹര്‍ജി 2014 ജനുവരി ആറിന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തുവും എസ്എ ബോബ്ഡെയും അടങ്ങിയ ബെഞ്ച് വാദംകേട്ട് തള്ളിയിരുന്നു.

ഈ പദങ്ങള്‍ അടിമത്തകാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നും, രാജ്യത്തിന്റെ അന്തസ്സിനു നിരക്കാത്ത ഇത്തരം വാക്കുകളുടെ ഉപയോഗം രാജ്യത്തെ മുഴുവന്‍ കോടതികളിലും വിലക്കണം എന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.

ജഡ്ജിമാരെ അഭിസംബോധന ചെയ്യുമ്പോള്‍ ഇത്തരം വാക്കുകള്‍ നിര്‍ബന്ധമില്ലെന്നും യുവര്‍ ഓണര്‍ എന്നോ, സര്‍ എന്നോ, ലോര്‍ഡ്ഷിപ്പ് എന്നോ, മറ്റേതെങ്കിലും ബഹുമാനപദങ്ങളാലോ ജഡ്ജിമാരെ വിളിക്കാം എന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

2009ല്‍ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ചന്ദ്രു തന്നെ ‘മൈ ലോര്‍ഡ്’ എന്ന് വിളിക്കരുതെന്ന് അഭിഭാഷകരോട് നിര്‍ദേശിച്ചിരുന്നു. ഈ വര്‍ഷാദ്യം ജസ്റ്റിസ് മുരളീധറും ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തി.

കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ നായര്‍ ജില്ലാ ജുഡീഷ്യറി ഓഫീസര്‍മാര്‍ക്ക് തന്നെ സര്‍ എന്നു വിളിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച് കത്തയക്കുകയും ചെയ്തു.

Exit mobile version