ശ്രീനഗര്‍: ഭീകരര്‍ക്കെതിരായ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കൗമാരക്കാരന്‍ ഷാഹിദ് കപൂര്‍ നായകനായ ഹിന്ദി ചലച്ചിത്രം ‘ഹൈദറി’ല്‍ ബാലതാരമായി അഭിനയിച്ച കശ്മീരി ബാലന്‍. കഴിഞ്ഞ ഒന്‍പതിന് ബന്ദിപോറയിലെ ഹാജിനില്‍ 18 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം ഒരു ലഷ്‌കറെ ത്വയിബ ഭീകരനെയും ഭീകരസംഘത്തിന് ഒപ്പമുണ്ടായിരുന്ന 2 കുട്ടികളെയും വധിച്ചിരുന്നു. ‘ഹൈദര്‍’ ഫെയിം സാഖിബ് ബിലാല്‍, സമീപവാസിയായ ഒന്‍പതാം ക്ലാസുകാരന്‍ കുട്ടി എന്നിവരാണു കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണു തിരിച്ചറിഞ്ഞത്. സാഖിബ് തീയ്യേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നു. ഹൈദറിലെ ഷാഹിദ് കപൂറിന്റെ കുട്ടിക്കാലമാണ് സാഖിബ് അവതരിപ്പിച്ചിരുന്നത്.
4 മാസം മുന്‍പ് വീട്ടില്‍നിന്ന് അപ്രത്യക്ഷനായ ബിലാലിനായി ബന്ധുക്കള്‍ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണു സംഭവം. ഉയര്‍ന്ന സാമ്പത്തിക നിലയുള്ള കുടുംബാംഗമായ ബിലാല്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഒപ്പം കൊല്ലപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ സമീപത്തെ ദരിദ്ര കുടുംബത്തിലെയാണ്. അപരിചിതനായ ഒരാള്‍ക്കൊപ്പം 2 കുട്ടികളും ബൈക്കില്‍ പോകുന്നത് അടുത്തിടെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. ഡിസ്റ്റിങ്ഷനോടെ പത്താം ക്ലാസ് പാസായ ബിലാല്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു.
Discussion about this post