മൈസൂരു: കാലികൾക്ക് പുല്ല് നൽകുന്നതിനിടെ ചാടി വീണ് കടിച്ച പുള്ളിപ്പുലിയെ ധൈര്യം കൈവിടാതെ ഓടിച്ച് സ്വന്തം ജീവൻ രക്ഷിച്ച് അത്ഭുതബാലൻ. മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാം ഹൗസിലാണ് നാടിനെ തന്നെ അമ്പരപ്പിച്ച സംഭവമുണ്ടായത്. തന്റെ തോളിലേക്ക് ചാടിവീണ് കടിച്ച പുലിയുടെ കണ്ണിൽ 12 വയസ്സുകാരനായ നന്ദൻ കൈവിരൽ കുത്തിയിറക്കുകയായിരുന്നു. തിരിച്ചുള്ള ആക്രമണത്തിൽ പതറിയ പുള്ളിപ്പുലി ഇതോടെ ബാലന്റെ തോളിലെ കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് ഈ സംഭവങ്ങളത്രയും അരങ്ങേറിയത്. തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദൻ. അച്ഛൻ രവിയും കൂടെയുണ്ടായിരുന്നു. കാലികൾക്ക് പുല്ല് നൽകവേ വൈക്കോൽ കൂനയ്ക്ക് പിന്നിൽ ഒളിച്ചിരുന്ന പുലി നന്ദന്റെമേൽ ചാടിവീഴുകയായിരുന്നു. തുടർന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. ഇതോടെ നന്ദൻ സഹായത്തിനായി അലറിവിളിക്കുകയും ഒപ്പം പുലിയെ സ്വയം പ്രതിരോധിക്കുകയും ചെയ്തു.
നന്ദൻ പുലിയുടെ കണ്ണിൽ തന്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കിയാണ് പ്രതിരോധിച്ചത്. സംഭവസമയം നന്ദന്റെ അച്ഛൻ തവിയും സമീപത്തുണ്ടായിരുന്നെങ്കിലും പുലിയെ എതിരിടാൻ പോലുമാകാതെ തരിച്ച് നിൽക്കുകയായിരുന്നു. ഈ സമയത്താണ് നന്ദൻ മനസ് പതറാതെ പുലിയെ ഓടിച്ചത്. പുലിയുടെ കടിയില് കഴുത്തിൽനിന്നും തോളിൽനിന്നുമായി രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലൻ അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു.