ദെഹ്റാദൂണ്‍: രാജ്യത്തെ നടുക്കിയ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയ ദുരന്തത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി പ്രഖ്യാപിച്ചു. സര്‍ക്കാരാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലില്‍ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്. എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. തെരച്ചില്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post