മുംബൈ: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന പിരിക്കുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്ന് ശിവസേന ആരോപിച്ചു.
ആവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ട കടമ സര്‍ക്കാരിനുണ്ട്. ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുമുണ്ട്. സര്‍ക്കാര്‍ ഇത് മറന്നുകളഞ്ഞാല്‍ ജനങ്ങള്‍ അത് ഓര്‍മിപ്പിക്കും. രാമക്ഷേത്രത്തിന് സംഭാവന പിരിക്കുന്നതിന് പകരം കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ രാമഭഗവാന് സന്തോഷമാകും,” ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ ശിവസേന പറയുന്നു.
പെട്രോള്‍ വില നൂറു കടന്നത് യഥാര്‍ത്ഥത്തില്‍ ബിജെപി ആഘോഷിക്കുകയാണ് വേണ്ടത്, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആ ക്രെഡിറ്റ് കോണ്‍ഗ്രസ്സിന് കൊടുക്കുകയാണ്. എണ്ണ ശേഖരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍, ഒഎന്‍ജിസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ നിര്‍മ്മിച്ചു. എന്നാല്‍ മോഡി ഇവയെല്ലാം മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിറ്റു തുലയ്ക്കുകയാണെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന പറഞ്ഞു
ഇന്ധനവില വര്‍ധനവില്‍ ബോളിവുഡ് താരങ്ങള്‍ മൗനം പാലിക്കുന്നതിനെയും സാമ്‌ന കുറ്റപ്പെടുത്തി. 2014 ന് മുമ്പ് അക്ഷയ് കുമാറും അമിതാഭ് ബച്ചനും ഇന്ധനവില വര്‍ധനവിനെതിരെ സോഷ്യല്‍ മീഡിയയിയലൂടെ രംഗത്ത് വന്നിരുന്നു. പക്ഷേ ഇപ്പോള്‍ പെട്രോള്‍ വില 100 കടന്നിട്ടും ഇവരെല്ലാം മൗനത്തിലാണെന്നും കുറ്റപ്പെടുത്തുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ യുവസേന ബാനറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയുടെ യുവജന വിഭാഗമാണ് യുവസേന. ഇതാണോ അച്ചാ ദിന്‍ എന്ന ചോദ്യങ്ങള്‍ എഴുതിയ ബാനറുകള്‍ മുംബൈയിലെ പെട്രോള്‍ പമ്പിലും റോഡരികിലും യുവസേന ഉയര്‍ത്തിക്കഴിഞ്ഞു.
ഇന്ധനവില വര്‍ധനവില്‍ പരിഹാരമാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചിട്ടുണ്ട്.
Discussion about this post