മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി അതീവഗുരുതരമാണ്. അടുത്ത രണ്ടാഴ്ചത്തെ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷം വീണ്ടും ലോക്ഡൗണ് നടപ്പാക്കുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം വീണ്ടും ഏഴായിരം അടുക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധന രണ്ടാം രോഗവ്യാപന തരംഗമാണോ എന്നറിയാന്‍ എട്ടു മുതല്‍ 15 ദിവസം വരെയെടുക്കും. അടുത്ത എട്ടു മുതല്‍ 15 ദിവസം ഇപ്പോഴത്തെ നിലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരും- മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തോളം രോഗികളുടെ എണ്ണം കുറവായിരുന്ന മഹാരാഷ്ട്രയില്‍ ദിനംപ്രതിയുള്ള രോഗികളുടെ കണക്ക് ഏഴായിരത്തിനോട് അടുത്തിരിക്കുകയാണ്. 35 മരണങ്ങളോളമാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിന്റെ 240 പുതിയ വകഭേദങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും വീണ്ടും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണം ഇതാണെന്ന് മഹാരാഷ്ട്ര കോവിഡ് ദൗത്യസേനാംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.

Exit mobile version