ചെന്നൈ: സുഖചികിത്സ ക്യാമ്പില്‍ ആനയ്ക്ക് ക്രൂരമര്‍ദ്ദനം. തമിഴ്നാട് ദേവസ്വം വകുപ്പ് മേട്ടുപാളയം തേക്കംപട്ടിയില് നടത്തുന്ന സുഖചികിത്സ ക്യാമ്പിലാണ് ആന പാപ്പാന്മാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്.
ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തില്‍ നിന്നെത്തിയ ജയമാല്യ എന്ന ആനയെ രണ്ട് പാപ്പാന്മാര് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തായത്. തിരുവനന്തപുരം സ്വദേശി വിനില്‍കുമാറും അദ്ദേഹത്തിന്റെ ബന്ധുവും ചേര്‍ന്നാണ് ആനയെ മര്‍ദ്ദിച്ചത്.
ഇവരില്‍ ഒരാളുടെ കാലില്‍ ആന ചവിട്ടി എന്നതാണ് ഈ കൊടിയ മര്‍ദ്ദനത്തിനുള്ള കാരണമായി അവര്‍ പറയുന്നത്. ആനയെ ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം ഇരുവരും ഇരുവശത്തായി നിന്ന് ആനയുടെ ഒരേകാലില് മര്‍ദിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ വനംവകുപ്പ് അധികൃതര്‍ ഇരുവര്‍ക്കുമെതിരെ മൃഗപീഡനത്തിന് കേസെടുത്തു. വേദനകൊണ്ട് പുളയുന്ന ആന ഉച്ചത്തില്‍ ചിന്നംവിളിക്കുന്നുണ്ടായിരുന്നു. ആനയുടെ ഇരുവശങ്ങളില്‍ നിന്നുകൊണ്ട് ചൂരല്‍ ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആനയുടെ ദേഹമാസകലം അടിയേറ്റ മുറിവുകളുണ്ട്.
വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള 26 ആനകളാണ് ക്യാമ്പിലുള്ളത്. പോഷകമൂല്യമുള്ള ഭക്ഷണവും സുഖ ചികിത്സകളുമാണ് ആനകള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങളാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്.
Discussion about this post