ഭോപ്പാൽ: മധ്യപ്രദേശിലെ പട്ടണമായ ഹോഷൻഗാബാദിന്റെ പേര് മാറ്റി നർമ്മദാപുരമെന്നാക്കി പുനർനാമകരണം ചെയ്ത് ബിജെപി സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഹോഷൻഗാബാദ് നഗരത്തിന്റെ പേര് മാറ്റിയത്.
വെള്ളിയാഴ്ച ഹോഷൻഗാബാദിൽ നർമ്മദ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു ഈ പേരുമാറ്റം സർക്കാർ പ്രഖ്യാപിച്ചത്. സ്പീക്കർ രമേശ്വർ ശർമയാണ് പേരു മാറ്റണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്.
അക്രമിയായിരുന്നു ഹോഷങ് ഷായെന്നും ഇദ്ദേഹത്തിന്റെ പേരിലാണ് സ്ഥലം അറിയപ്പെടുന്നതെന്നും രമേശ്വർ ആരോപിച്ചിരുന്നു. ഒപ്പം നർമ്മദാപുരമെന്ന പേരുമാറ്റം മധ്യപ്രദേശിലെ ചരിത്ര നിമിഷമാണെന്നും രമേശ്വർ ശർമ പറഞ്ഞു.
എന്നാൽ, സർക്കാരിന്റെത് നാടകമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പെട്രോൾ വിലവർധനവ് അടക്കമുള്ള യഥാർത്ഥ പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ നീക്കമെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത കുറ്റപ്പെടുത്തി. രാജ്യത്ത് തന്നെ പെട്രോളിന് ചരിത്രത്തിൽ ആദ്യമായി നൂറുരൂപ വില രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്.
Discussion about this post