ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ ശവമഞ്ചം ചുമലിലേറ്റി രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കണ്ണീരോടെ വണങ്ങുന്ന പ്രിയങ്ക ഗാന്ധിയെയും ചിത്രങ്ങളില്‍ കാണാം. ഇന്നലെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ഇരുവരുടെയും ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് കഴിഞ്ഞു.
1993 മുതല്‍ 96 വരെ പിവി നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ വീതം ലോക്‌സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമായി ആറു തവണ പാര്‍ലമെന്റ് അംഗമായി. എയര്‍ലൈന്‍ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു.
1983ല്‍ രാജീവ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശര്‍മയും രാഷ്ട്രീയത്തിലെത്തി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളില്‍ നിന്നാണ് എംപിയായത്. 1984 ല്‍ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശര്‍മ കുറച്ചു വര്‍ഷം മുന്‍പുവരെ സജീവമായിരുന്നു.