ഭോപ്പാല്‍: ഗസ്റ്റ് ഹൗസില്‍ കൊതുകുശല്യം മൂലം ഉറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതാണ് നടപടി. ഗസ്റ്റ് ഹൗസ് പരിപാലനത്തില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധിയിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നു. എന്നാല്‍ അവിടെ ആവശ്യത്തിനുള്ള ശുചീകരണമോ, ക്രമീകരണങ്ങളോ നടത്തിയില്ലെന്ന് വിമര്‍ശനമുണ്ട്.
സിദ്ധിയില്‍ വാഹനാപകടത്തില്‍ 52 പേര്‍ മരിച്ചിരുന്നു. അവരുടെ കുടുംബാംഗങ്ങളെയും രക്ഷപ്പെട്ടവരെയും ആശ്വസിപ്പിക്കുന്നതിനായി എത്തിയ മുഖ്യമന്ത്രി അന്ന് രാത്രി സിദ്ധിയിലെ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടെ മുറികളെല്ലാം ശുചിത്വമില്ലാത്ത അവസ്ഥയിലായിരുന്നു. ഗസ്റ്റ്ഹൗസിന്റെ പരിപാലനത്തില്‍ ആവശ്യമായ ശ്രദ്ധ പാലിക്കുന്നില്ലെന്നും അദ്ദേഹം കണ്ടെത്തുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ മുറിയില്‍ നിറയെ കൊതുകുകളായിരുന്നു. വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞ് വെള്ളം പാഴാകുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗസ്റ്റ്ഹൗസ് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിച്ചിരുന്നതായി ഉദ്യോഗസ്ഥന്‍ പറയുന്നു. മുഖ്യമന്ത്രി താമസിക്കാന്‍ എത്തുമെന്നറിഞ്ഞിട്ടും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സസ്പെന്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥരും അറിയിക്കുന്നു.