കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക് മോഹിപ്പിച്ചു, വളര്‍ന്നപ്പോള്‍ നാസയില്‍: ജീവന്റെ തുടിപ്പു തേടി പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങി: അഭിമാനനിമിഷം ലോകത്തോട് പങ്കുവച്ച് ഇന്ത്യക്കാരി സ്വാതി മോഹന്‍

ജീവന്റെ തുടിപ്പുകള്‍ തേടി നാസയുടെ പെര്‍സിവിയറന്‍സ് എന്ന ബഹിരാകാശപേടകം ചൊവ്വയിലിറങ്ങിയ അഭിമാനനിമിഷം ലോകത്തോട് പങ്കുവച്ച് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹന്‍.

കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തണമെന്ന വാശിയാണ് സ്വാതിയെ ശാസ്ത്രജ്ഞയായി നാസയിലെത്തിച്ചത്. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയില്‍ സ്വാതി മോഹന്‍ അംഗമാകുന്നത്.

പെര്‍സിവിയറന്‍സിന്റെ ലാന്‍ഡിങ് സംവിധാനത്തിനാവശ്യമായ മാര്‍ഗനിര്‍ദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നല്‍കിയത് സ്വാതി മോഹനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോള്‍ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎന്‍&സി സബ്‌സിസ്റ്റവുമായുള്ള ഏകോപനം നടത്തിയതും സ്വാതിയായിരുന്നു.

ഒരു വയസ് പ്രായമുള്ളപ്പോളാണ് സ്വാതിയുടെ കുടുംബം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ബംഗളൂരില്‍ വേരുകളുണ്ട് സ്വാതിയുടെ കുടുംബത്തിന്. ബംഗളൂരുവിലാണ് സ്വാതി ജനിച്ചതും. തന്റെ കുടുംബത്തിന് ഇപ്പോഴും ബംഗളൂരുവില്‍ വീടുണ്ടെന്നും മാതാപിതാക്കള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും അവിടെ ചെലവഴിക്കാറുണ്ടെന്നും സ്വാതി വ്യക്തമാക്കുന്നു.

സ്വാതിയുടെ വിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു. ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാര്‍ ട്രെക് സീരിസില്‍ സ്വാതിയ്ക്ക് അതിയായ താത്പര്യം ജനിച്ചത്. ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ കൗതുകം ജനിച്ചത് ആ പ്രായത്തിലായിരുന്നുവെന്നും സ്വാതി പറയുന്നു.

ശിശുരോഗ വിദഗ്ധയാവാനുള്ള സ്വാതിയുടെ ആദ്യതാത്പര്യം ഇല്ലാതാക്കിയത് ഭൗതികശാസ്ത്രത്തിന്റെ ആദ്യ ക്ലാസും ഫിസിക്‌സ് അധ്യാപികയുമായിരുന്നു. സ്റ്റാര്‍ ടെക് ഉണ്ടാക്കിയ ബഹിരാകാശലോകത്തെ കുറിച്ചുള്ള താത്പര്യം ഭൗതികശാസ്ത്രപഠനം ഉറപ്പിച്ചു. പഠനത്തിന് എന്‍ജീനീയറിങ് മേഖല തിരഞ്ഞെടുക്കാമെന്ന് സ്വാതി മോഹന്‍ തീര്‍ച്ചപ്പെടുത്തി.

ശേഷം കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ & എയറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് എയറോട്ടിക്‌സില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.

നാസയുടെ വിവിധ ദൗത്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ചൊവ്വയില്‍ ജീവന്‍ തേടിയുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ദൗത്യത്തിന് സ്വാതി മോഹന്‍ നേതൃത്വ പങ്കാളിയാവുന്നത്. നാസയുടെ ശനീഗ്രഹദൗത്യമായ കാസ്സിനിയിലും സ്വാതി മോഹന്‍ അംഗമാണ്.

Exit mobile version