ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പ്രതിക്കൂട്ടിലാക്കുന്ന റാഫേല്‍ യുദ്ധവിമാന കരാറിനെ പ്രതിരോധിക്കാന്‍ പതിനെട്ടവും പയറ്റി ബിജെപി നേതാക്കള്‍. വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചാണ് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി മന്ത്രി ജശ്വന്ത് സിങ് യാദവ് വിഷയത്തെ പ്രതിരോധിച്ചത്.
റാഫേല്‍ കരാര്‍ പാകിസ്താന് ലഭിക്കാതെ ഇന്ത്യയ്ക്ക് ലഭിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചതെന്നും ആ കരാര്‍ പാകിസ്താന് ലഭിച്ചിരുന്നെങ്കില്‍ രാഹുലിന് സന്തോഷമാകുമായിരുന്നെന്നും ജശ്വന്ത് സിങ് പ്രതികരിച്ചു. അല്‍വാറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ റാഫേല്‍ കരാര്‍ സ്വന്തമാക്കി. എന്നാല്‍ പാകിസ്താന് അത് കിട്ടിയില്ല. പാകിസ്താന് അത് ലഭിക്കാതെ മോഡിജിക്ക് അത് കിട്ടിയതാണ് രാഹുലിനെ അസ്വസ്ഥനാക്കിയത്- യശ്വന്ത് സിങ് പറയുന്നു.
ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിച്ചുകൊണ്ട് പാക്കിസ്ഥാനെ പ്രീണിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ലഷ്കര്‍-ഇ- ത്വയ്ബയേക്കാള്‍ ഭീകരമാണ് ഇന്ത്യയിലെ കാവി രാഷ്ട്രീയമെന്നാണ് യുഎസ് അംബാസിഡറുമായി 2009 ല്‍ നടന്ന കൂടിക്കാഴ്ചക്കിടെ രാഹുല്‍ പറഞ്ഞതെന്നും യശ്വന്ത് പറഞ്ഞു.
ഹിന്ദുക്കള്‍ തീവ്രവാദികളാണെന്ന് രാഹുല്‍ പറയുന്നു. എന്താണ് അതിനര്‍ത്ഥം? ഇന്ത്യയുടെ പ്രധാനമന്ത്രി പദം മോഹിച്ചിരിക്കുന്ന ഒരാളുടെ മനസിലിരിപ്പ് ഇതാണ്. പാകിസ്താനെ സന്തോഷിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കളെ അദ്ദേഹം അപമാനിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഡിസംബര്‍ 7 ന് നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തിയത്.
Discussion about this post